മണ്ണാർക്കാട്ട് പോരാട്ടം കനക്കും
text_fields1. യു.ഡി.എഫ് സ്ഥാനാർഥി ഷംസുദ്ദീൻ 2. എൽ.ഡി.എഫ് സ്ഥാനാർഥി സുരേഷ് രാജ് 3. എൻ.ഡി.എ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ
മണ്ണാർക്കാട്: കനത്ത ചൂടിലും തളരാത്ത വീര്യവുമായി കനത്ത പോരിലാണ് മണ്ണാർക്കാട് മണ്ഡലത്തിൽ മുന്നണികൾ. അങ്കം മുറുകിയതോടെ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്ന തിരിച്ചറിവിലാണ് സ്ഥാനാർഥികൾ.
2011ൽ പിടിച്ചെടുക്കുകയും 2016ൽ നിലനിർത്തുകയും ചെയ്തെങ്കിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് തരണം ചെയ്യാൻ ചില പ്രതിസന്ധികളൊക്കെ യു.ഡി.എഫിന് മുന്നിലുണ്ട്. എൽ.ഡി.എഫിലും പുറത്ത് പ്രകടമാകുന്ന ഐക്യം അകത്തളത്തിലും ശക്തമായെങ്കിലേ ആശങ്കയകലൂ.
സ്ഥാനാർഥി നിർണയത്തിലെ ആശയക്കുഴപ്പം ഇരുമുന്നണിയെയും തുടക്കത്തിൽ ബാധിച്ചിരുന്നു. സ്ഥാനാർഥിത്വം സംബന്ധിച്ച ആശയക്കുഴപ്പം യു.ഡി.എഫ് അണികളിൽ അൽപം നിരാശയുണ്ടാക്കിയെങ്കിലും പിന്നീട് ഷംസുദ്ദീൻ തന്നെ രംഗപ്രവേശം ചെയ്തതോടെ ആവേശം വീണ്ടെടുത്ത് പ്രവർത്തനം സജീവമാക്കി.
എൽ.ഡി.എഫിലും സ്ഥാനാർഥിത്വം സംബന്ധിച്ച് ഏറെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. അവസാനം യു.ഡി.എഫിനും ഒരു മുഴം മുമ്പേ കെ.പി. സുരേഷ്രാജിനെ പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പും യു.ഡി.എഫിന് ഏറെ ആത്മവിശ്വാസം നൽകുന്നതാണെങ്കിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അത്രത്തോളം ശുഭകരമല്ല.
സി.പി.ഐ-സി.പി.എം തർക്കം മറനീക്കി പുറത്തുവന്ന മണ്ഡലങ്ങളിലൊന്നാണ് മണ്ണാർക്കാട്. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലുൾെപ്പടെ കാര്യമായി ബാധിക്കുകയും ചെയ്തു.
നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഇതുണ്ടാവില്ലെന്നുള്ള ഉറപ്പ് നടപ്പായാൽ ഗുണം ചെയ്യും. ന്യൂനപക്ഷ വോട്ടുകളിെല മാറ്റം, മാണി ഗ്രൂപ്പിെൻറ ഇടതുമുന്നണി പ്രവേശം, അട്ടപ്പാടിയിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ പ്രകടനം, അതോടൊപ്പം എൻ.ഡി.എയുടെ ന്യൂനപക്ഷ വനിത സ്ഥാനാർഥി പരീക്ഷണത്തിെൻറ ഗുണഫലം ആർക്കെന്നുള്ളതുമെല്ലാം ഫലത്തെ സ്വാധീനിക്കും.
അഡ്വ എൻ. ഷംസുദ്ദീനും കെ.പി. സുരേഷ് രാജും രണ്ടാം തവണയും ഏറ്റുമുട്ടുമ്പോൾ എൻ.ഡി.എ ഇത്തവണ ഘടക കക്ഷിയായ എ.ഐ.ഡി.എം.കെയുടെ സ്ഥാനാർഥിയായി നസീമ ഷറഫുദ്ദീനെയാണ് രംഗത്തിറക്കിയത്. ഇതോടൊപ്പം അട്ടപ്പാടിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി സാമൂഹിക പ്രവർത്തകൻ ജയിംസ് മാസ്റ്ററും മത്സരിക്കുന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയാണ് തിരൂർ പറവണ്ണ സ്വദേശിയും സിറ്റിങ് എം.എൽ.എയുമായ യു.ഡി.എഫ് സ്ഥാനാർഥി എൻ. ഷംസുദ്ദീൻ. സി.പി.ഐ ജില്ല സെക്രട്ടറിയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.പി. സുരേഷ് രാജ്. ശ്രീകൃഷ്ണപുരം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
നേരത്തെ, സി.പി.എം അനുഭാവിയായിരുന്നു നസീമ. അഗളി രാജീവ് കോളനി ബ്രാഞ്ച് കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.