പ്രതീക്ഷയുടെ വിസില്‍ മുഴങ്ങുമോ?
text_fieldsതിരൂര്‍: ശോച്യാവസ്ഥക്കിടെ തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം വികസനത്തില്‍ പുതിയ പ്രതീക്ഷയുടെ കിരണമായി നഗരസഭ തീരുമാനം. ആറ് കോടി രൂപയുടെ പുതിയ പദ്ധതിയിലൂടെ തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കാനും വികസനപ്രവര്‍ത്തനം നടത്താനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിന് ഡി.പി.ആര് തയാറാക്കുകയാണ്. തിരൂരുകാരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാവുമോ നഗരസഭയുടെ പുതിയ തീരുമാനമെന്ന് കണ്ടറിയേണ്ടതുണ്ട്.
രണ്ട് വര്‍ഷത്തിനുള്ള സ്റ്റേഡിയത്തില്‍ നവീകരണ, വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നഗരസഭ പദ്ധതി. 2024 മാര്‍ച്ചില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആറ് ലൈനുള്ള സിന്തറ്റിക് ട്രാക്ക് എട്ട് ലൈനാക്കുക, മൈതാനത്ത് പുല്ല് വെച്ചുപിടിപ്പിക്കുക, ഗാലറി നവീകരിക്കുക, പടിഞ്ഞാറ് ഗാലറി വടേക്കാട്ട് മാറ്റിസ്ഥാപിക്കുക, ഈ ഗാലറിയോടനുബന്ധിച്ച് ടോയ്ലറ്റ് സംവിധാനം ഒരുക്കുക, ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനസജ്ജമാക്കുക, ഗ്രൗണ്ടിന് ചുറ്റും നടപ്പാത പൂര്‍ത്തിയാക്കുക തുടങ്ങി വന്‍ വികസനമാണ് ആറ് കോടിയുടെ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.
ഫണ്ട് കണ്ടെത്തുക ഇങ്ങനെ...
സ്റ്റേഡിയം നവീകരണത്തിനും വികസനപ്രവര്ത്തനത്തിനുമായി ആറ് കോടി രൂപ കണ്ടെത്തുകയെന്നത് നഗരസഭക്ക് വെല്ലുവിളിതന്നെയാണ്. എന്നാല്‍, എം.പി, എം.എല്‍.എ, നഗരസഭ ഫണ്ടിനൊപ്പം വായ്പയെടുത്തും ഫണ്ട് കണ്ടെത്താനുറച്ചാണ് നഗരസഭ മുന്നോട്ട് പോവുന്നത്. കിഫ്ബി ഫണ്ട് ആവശ്യപ്പെടാതെയായിരിക്കും നഗരസഭ പദ്ധതിക്കുള്ള തുക കണ്ടെത്തുക. ഇത് നഗരസഭയുടെ രണ്ടാമത്തെ ചോയ്സാണ്. ആദ്യ ചോയ്സ് തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനായി സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കാമെന്ന് പറഞ്ഞിരുന്ന 10 കോടി രൂപ നേടിയെടുക്കുകയെന്നതുതന്നെയാണ്. സ്പോര്‍ട്സ് കൗണ്‍സിലുമായുള്ള കരാറില്‍ ഭേദഗതി വരുത്തി നഗരസഭ 10 കോടി രൂപ ലഭിക്കുന്നതിനായി ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. സ്റ്റേഡിയത്തില്‍ മത്സരങ്ങളോ പരിപാടികളോ നടത്താന്‍ രണ്ടാഴ്ച മുമ്പെങ്കിലും ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്തില്‍നിന്ന് അനുമതി വാങ്ങണമെന്ന നിബന്ധന ഒഴിവാക്കുക, സ്റ്റേഡിയം നടത്തിപ്പ് ചുമതലയില്‍ 12 അംഗ കമ്മിറ്റിയില്‍ നഗരസഭക്ക് വ്യക്തമായ പ്രാധാന്യം നല്‍കുക എന്നിങ്ങനെയാണ് നഗരസഭ നേരത്തെയുണ്ടായിരുന്ന കരാറില്‍ ഭേദഗതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇത് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിക്കുമോയെന്നത് കണ്ടറിയണം.
വരുമോ ഓപണ്‍ ജിമ്മും ഷോപ്പിങ് കോംപ്ലക്സും?
സ്റ്റേഡിയം വികസനപ്രവര്ത്തനത്തിനൊപ്പം സ്റ്റേഡിയത്തിന്റെ മുന്‍വശത്ത് ഓപണ്‍ ജിമ്മും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രവും ഇപ്പോഴത്തെ പദ്ധതിക്കൊപ്പമല്ലെങ്കിലും പിന്നീട് സ്റ്റേഡിയത്തിനോടുചേര്ന്ന് ഷോപ്പിങ് കോംപ്ലക്സുമുൾപ്പെടെ വിപ്ലവകരമായ വികസനപ്രവര്‍ത്തനങ്ങള്‍ നഗരസഭ ഉദ്ദേശിക്കുന്നുണ്ട്. ഓപണ്‍ ജിമ്മിനായി എം.എല്‍.എ ഫണ്ടാണ് നഗരസഭയുടെ പ്രതീക്ഷ. 2024 തിരൂരിലെ കായികപ്രേമികള്‍ക്ക് പ്രതീക്ഷയുടെ വര്ഷമാവുമോയെന്നത് കണ്ടറിയേണ്ടതുതന്നെയാണ്.
(അവസാനിച്ചു)


