തിരൂരിൽ മതംമാറിയ വൈരാഗ്യത്തിന് യുവാവിനെ വെട്ടിക്കൊന്ന കേസ്: നാലാംപ്രതിയെ വെറുതെവിട്ടു
text_fieldsമഞ്ചേരി: തിരൂർ യാസിർ വധക്കേസിൽ നാലാം പ്രതിയെ കോടതി വെറുതെവിട്ടു. തിരൂർ തൃക്കണ്ടിയൂർ സ്വദേശി സുരേന്ദ്രനെയാണ് (സുര-55) മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി എ.വി. ടെല്ലസ് കുറ്റക്കാരനല്ലെന്നു കണ്ട് വെറുതെവിട്ടത്.
അയ്യപ്പൻ മതം മാറി യാസിർ എന്ന പേര് സ്വീകരിക്കുകയും മറ്റുള്ളവരെ മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്ത വിരോധമാണ് കൊലക്ക് കാരണം. ആർ.എസ്.എസ് പ്രവർത്തകരായിരുന്നു പ്രതികൾ.
1998 ആഗസ്റ്റ് 17നായിരുന്നു സംഭവം. മതംമാറിയ ശേഷം പയ്യനങ്ങാടിയിൽ കുടുംബസമേതം താമസിക്കുന്നതിനിടെ 1998ലാണ് യാസിർ കൊല്ലപ്പെട്ടത്. യാസിറും മതംമാറി ഇസ്ലാം സ്വീകരിച്ച സുഹൃത്ത് അബ്ദുൽ അസീസും ഓട്ടോയിൽ വീട്ടിലേക്ക് വരുന്നതിനിടെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. തിരൂർ ആലിൻചുവട്ടിൽവെച്ച് എട്ടംഗ സംഘമാണ് ആക്രമിച്ചത്.
ഒളിവിൽ പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്ത സുരേന്ദ്രൻ കേസിലെ നാലാം പ്രതിയാണ്. ഏഴു പ്രതികളെ നേരത്തേ സുപ്രീംകോടതി കുറ്റമുക്തരാക്കിയിരുന്നു. അഞ്ചു പ്രതികളെ 2005 ജൂൺ രണ്ടിന് മഞ്ചേരി രണ്ടാം അതിവേഗ കോടതി വിട്ടയച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകിയതോടെ വിട്ടയക്കപ്പെട്ട പ്രതികൾക്ക് മേൽക്കോടതി ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.
പ്രതികൾ സുപ്രീംകോടതിയെ സമീപിക്കുകയും വിചാരണ കോടതി ഉത്തരവ് ശരിവെച്ച് പ്രതികളെ വിട്ടയക്കുകയുമായിരുന്നു. നാലാം പ്രതിക്കുവേണ്ടി അഡ്വ. മാഞ്ചേരി നാരായണൻ ഹാജരായി.


