'എന്ന് സയ്യിദ് മുഹമ്മദലി ശിഹാബ്'; തങ്ങളെഴുതിയ കത്ത് നിധിപോലെ സൂക്ഷിച്ച് സുരേഷ്
text_fieldsപാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, വി.പി. സുരേഷ്
“സുരേഷ് വായിച്ചറിയുന്നതിലേക്ക്... സുഖമെന്ന് കരുതട്ടെ, അനുമോദനങ്ങൾക്ക് നന്ദി. നിലമ്പൂരിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു എന്നറിഞ്ഞു. എല്ലാ വിജയവുമുണ്ടാകട്ടെ, കുടുംബത്തിനും. നമ്മുടെ എല്ലാ സദുദ്ദേശ്യങ്ങളും ദൈവം നിറവേറ്റിത്തരട്ടെ. എല്ലാ അനുഗ്രഹങ്ങളും നേരുന്നു, -എന്ന് സയ്യിദ് മുഹമ്മദലി ശിഹാബ്''. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ശ്രീനിലയം വീട്ടിലെ വി.പി. സുരേഷ് എന്ന രാജുവിനോട് തന്‍റെ അമ്യൂല്യമായ സമ്പത്ത് ഏതാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കത്ത്.
23 വർഷം മുമ്പ് 2001ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സ്വന്തം കൈപ്പടയിലെഴുതിയ ഈ കത്ത് ഒരു നിധിയായി സുരേഷ് ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. 2000ലാണ് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും മലപ്പുറം നിലമ്പൂരിലേക്ക് സുരേഷ് ജോലിതേടിയെത്തിയത്. കൊടപ്പനക്കൽ തറവാടുള്ള നാട്ടിലെത്തിയതോടെ പലതവണയായി കേട്ടറിഞ്ഞ ആ വലിയ മനുഷ്യനെ കാണാൻ ആഗ്രഹിച്ചു. നിലമ്പൂരിലെ കല്യാൺ സിൽക്സ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ശിഹാബ് തങ്ങളെ അന്ന് ആദ്യമായി നേരിൽ കണ്ടു. തങ്ങളുടെ പെരുമാറ്റവും സംസാരവും മനസ്സിൽ പതിഞ്ഞ സുരേഷ് പിന്നീട് തങ്ങളെത്തുന്ന വേദികളിലെല്ലാം നിറസാന്നിധ്യമായി. എങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ കഴിഞ്ഞില്ല. ഇങ്ങനെയാണ് തങ്ങൾക്ക് ഒരു കത്തെഴുതാമെന്ന ചിന്തയുണർന്നത്.
അങ്ങനെ പലതവണ കേട്ടറിഞ്ഞ ആ വലിയ മനുഷ്യൻറെ വിലാസത്തിലേക്ക് സുരേഷ് ഇങ്ങനെ കുത്തിക്കുറിച്ചു. 'അങ്ങയെക്കുറിച്ച് ഒരുപാടൊരുപാട് കേട്ടിരിക്കുന്നു. ജോലിതേടി നിലമ്പൂരിൽ എത്തിയതാണ്,അനുഗ്രഹം വേണം, നേരിൽ കാണണമെന്ന് ഏറെ ആഗ്രഹവുമുണ്ട്' -ഇതായിരുന്നു ഉള്ളടക്കം. മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ വൈകാതെ തന്നെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ ലെറ്റർ പാഡിൽ ഒരു എയർമെയിൽ സുരേഷിനെ തേടിയെത്തി.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സുരേഷിന് എഴുതിയ കത്ത്
'എത്ര തിരക്കുകൾക്കിടയിലായിരിക്കാം തങ്ങൾ കത്തുവായിച്ചിട്ടുണ്ടാവുക. എന്നിട്ടതിന് സ്വന്തം കൈപ്പടയിൽ മറുപടി നൽകിയിരിക്കുന്നു. പ്രതീക്ഷയുമായി തേടിയെത്തുന്നവരിലേക്കെല്ലാം ഒരു നോട്ടത്തിന്, ഒരു പരിഗണനക്ക് സമയം കണ്ടെത്താനുള്ള ആ മനസ്സ്. അതു തന്നെയല്ലേ അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. ഇന്നും എന്റെ മനസ്സിൽ കെടാവിളക്കുപോലെ ആ മനുഷ്യനുണ്ട്' -സുരേഷ് വാചാലനായി. കത്ത് കിട്ടിയ ശേഷം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ പോകാനും തങ്ങളോട് അടുത്തിടപഴകാനും കിട്ടിയ അവസരം വലിയ ഭാഗ്യമാണെന്നാണ് സുരേഷ് പറയുന്നത്. തങ്ങളുടെ മരണശേഷം മകനായ മുനവ്വറലി ശിഹാബ് തങ്ങളോടും അനിയൻ ഹൈദരലി ശിഹാബ് തങ്ങളോടും ആ ബന്ധം തുടർന്നു. ഇതൊരപൂർവ കഥയല്ല. തന്റെ ജീവിതകാലമത്രയും ഒരു മഹാമനുഷ്യൻറെ സ്നേഹാനുഭൂതിക്ക് പാത്രമായവർക്കൊക്കെ ഓർത്തെടുക്കാനുള്ള അനുഭവങ്ങളിലൊന്നുമാത്രം.
ഒട്ടനേകം സുകൃതങ്ങളുടെ കളപ്പുരയായ ആ തറവാടിന്റെ മുറ്റത്ത് നിന്ന് നിലക്കാത്ത പ്രവാഹമായി ഒഴുകിക്കൊണ്ടിരിക്കുന്ന ആ സ്നേഹപ്പെയ്ത്തുകൾ കാലങ്ങൾക്കപ്പുറവും തുടർന്ന് കൊണ്ടിരിക്കട്ടെ. അണമുറിയാതെ ഒഴുകി കൊണ്ടിരിക്കുന്ന പൂർവ്വ കാല പൈതൃകത്തിന്‍റെ ഉദാത്തമായ മാതൃകകൾ പുതിയ കാലത്ത് വെളിച്ചം വീശട്ടെ.