Begin typing your search above and press return to search.
exit_to_app
exit_to_app
പ്ലാച്ചിമട സമരത്തിന് ഇന്ന് 20 വയസ്സ്
cancel
camera_alt

കുടിവെള്ളം മുട്ടിച്ച പ്ലാച്ചിമടയിലെ കോള ഫാക്​ടറിക്കു മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിച്ചപ്പോൾ (ഫയൽ ചിത്രം)

Homechevron_rightNewschevron_rightKeralachevron_rightപ്ലാച്ചിമട സമരത്തിന്...

പ്ലാച്ചിമട സമരത്തിന് ഇന്ന് 20 വയസ്സ്

text_fields
bookmark_border
Listen to this Article

പാലക്കാട്: കോള ഭീമനെ പടികടത്തിയ, ഐതിഹാസിക പ്ലാച്ചിമട സമരത്തിന് ഇന്നേക്ക് 20 വർഷം തികയുന്നു. ജീവിക്കാനുള്ള അവകാശത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി ഗ്രാമീണ ജനത നടത്തിയ സന്ധിയില്ലാ സമരത്തിൽ, ബഹുരാഷ്ട്ര കുത്തക തോറ്റുപിന്മാറിയ അത്യപൂർവ ചരിത്രമാണ് പ്ലാച്ചിമടയുടേത്.

കേരള-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള, കാർഷിക ഗ്രാമമായ പ്ലാച്ചിമടയിൽ ഫാക്ടറി സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് 1999ലാണ് പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നത്. 2000ത്തിൽ പഞ്ചായത്ത് ലൈസൻസ് നൽകി.

പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചതോടെയാണ് പ്ലാച്ചിമടയിൽ കുടിവെള്ള ക്ഷാമവും മലിനീകരണവും കാരണം ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് ബുദ്ധിമുട്ട് നേരിടുന്നത്. ആറുമാസത്തിനുള്ളിൽ തന്നെ പ്ലാച്ചിമട ഗ്രാമവാസികൾ, തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അവിശ്വസനീയമാം വിധം താഴുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകൾ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാൽ മലിനവും ഉപയോഗശൂന്യവുമായി. കുടിവെള്ളം ഉപയോഗിക്കുന്നവർക്ക് വയറിളക്കവും തലകറക്കവും കാണപ്പെട്ടു.

വളം എന്ന പേരിൽ കമ്പനി വിതരണം ചെയ്ത രാസമാലിന്യം ഉപയോഗിച്ച് കൃഷിഭൂമി മുഴുവൻ തരിശായി. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള പ്ലാച്ചിമട പ്രദേശവാസികൾ സമരം ആരംഭിച്ചു.

കർഷകർക്ക് കമ്പനി വിതരണം ചെയ്ത വളത്തിൽ മാരക വിഷപദാർഥങ്ങളായ കാഡ്മിയം, ലെഡ് എന്നിവയുടെ അംശം കണ്ടെത്തിയതോടെ, സമരത്തിന് വമ്പിച്ച പിന്തുണ ലഭിച്ചു.

2002 ഏപ്രിൽ 22ന് ആദിവാസി നേതാവ് സി.കെ. ജാനു പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു. 2004ൽ പ്ലാച്ചിമടയിൽ സംഘടിപ്പിച്ച ലോക ജലസമ്മേളനത്തിലൂടെ സമരം കൂടുതൽ ചർച്ചയായി.

സാധാരണക്കാരായ പ്ലാച്ചിമട നിവാസികളിൽ തുടങ്ങി ദേശീയ പരിസ്ഥിതി നേതാക്കളെ വരെ സമരമുഖത്തെത്തിച്ച പോരാട്ടമായിരുന്നു പ്ലാച്ചിമടയിൽ പിന്നീട് അരങ്ങേറിയത്. സോളിഡാരിറ്റി അടക്കം നിരവധി യുവജന സംഘടനകൾ സമരത്തിന്‍റെ ഭാഗമായി. സമരം ശക്തിപ്പെട്ടതിന്‍റെ ഫലമായും പെരുമാട്ടി പഞ്ചായത്ത്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണവും 2004ൽ ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും കൊക്കക്കോള കമ്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ കമ്പനിയിൽനിന്ന് പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം ഈടാക്കാനോ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഫാക്ടറിക്ക് ലൈസൻസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പെരുമാട്ടി പഞ്ചായത്തും കൊക്കക്കോള കമ്പനിയും തമ്മിൽ ഹൈകോടതിയിൽ തുടങ്ങിയ നിയമയുദ്ധം അന്തിമ തീർപ്പിനായി സുപ്രീംകോടതിയിൽ പരിഗണന കാത്തുകിടക്കുകയാണ്. 2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തി പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കക്കോള കമ്പനിയിൽനിന്ന് ഈടാക്കാവുന്നതാണെന്ന് ശിപാർശ ചെയ്തു.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. 2011ൽ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങൾക്ക് 2011ൽ തന്നെ സംസ്ഥാന സർക്കാർ മറുപടി നൽകി.

ഒടുവിൽ ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടുകൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ‌ സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു. ബില്ലിൽ നടപടി വൈകുന്നതായി കാണിച്ച് ഡോ. എസ്. ഫൈസി ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. ബില്ലിനു ശേഷം സംസ്ഥാന സർക്കാർ എന്തു നടപടി സ്വീകരിച്ചെന്നു മേയ് രണ്ടിന് മുമ്പ് വിശദ റിപ്പോർട്ട് നൽകാൻ കമീഷൻ, ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം ഉൾപ്പെടെ നേടിയെടുക്കാൻ വരുംദിവസങ്ങളിൽ തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു.

ഗൂഗിൾ ഓൺലൈൻ സമ്മേളനം

പാലക്കാട്: പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരത്തിന്റെ 20ാം വാർഷികദിനമായ വെള്ളിയാഴ്ച രാത്രി ഏഴിന് പ്ലാച്ചിമട സമര സമിതിയും ഐക്യദാർഢ്യ സമിതിയും ഗൂഗിൾ ഓൺലൈൻ പൊതുസമ്മേളനം സംഘടിപ്പിക്കും. പരിസ്ഥിതി-കർഷക അവകാശ പ്രവർത്തകയായ ചുക്കി നഞ്ചുണ്ടസാമി ഉദ്ഘാടനം നിർവഹിക്കും.

കേരളത്തിലെ പരിസ്ഥിതി-പൗരാവകാശ-സാംസ്‌കാരിക രംഗത്തുള്ള നിരവധി പേർ സംബന്ധിക്കും. പ്ലാച്ചിമട നഷ്ടപരിഹാരം നിർണയിക്കാൻ രൂപീകരിച്ച ഉന്നതാധികാരസമിതി അംഗം എസ്. ഫൈസി സമ്മേളനത്തിൽ പങ്കെടുത്ത്‌ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യുണലിന്റെ ഭാവിയെ സംബന്ധിച്ചു സംസാരിക്കും. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്ലാച്ചിമട കോളക്കമ്പനിക്കു മുൻപിൽ നടത്താനിരുന്ന പരിപാടി ഓൺലൈൻ ഫ്ലാറ്റ് ഫോമിലേക്ക് മാറ്റിയത്.

Show Full Article
TAGS:plachimada protest plachimada issue 
News Summary - Today marks the 20th anniversary of the Plachimada protest
Next Story