‘പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ
text_fieldsടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് തെറ്റായിപ്പോയെന്ന് തുറന്നുസമ്മതിച്ച് എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണൻ. ദുർബലമായ ഒരു നിമിഷത്തിലാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും തീരുമാനം ശരിയായിരുന്നില്ലെന്നതാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിൽ (ബിആർസി) ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. കേന്ദ്രസഹായം ലഭിക്കേണ്ടത് അനിവാര്യമായ ഘട്ടത്തിലാണ് പദ്ധതിയിൽ ഒപ്പിട്ടത്. എന്നാൽ, അത്തരമൊരു സാഹചര്യമുണ്ടായിരുന്നെങ്കിലും തീരുമാനം ശരിയായിരുന്നില്ലെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
‘നമ്മുടെ എല്ലാ ബിആർസികളിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരുണ്ട്. അവർക്ക് ശമ്പളം കൊടുക്കാൻ പറ്റുന്നില്ല. കേന്ദ്രസഹായം കിട്ടണം. അങ്ങനെയൊരു സന്ദർഭത്തിൽ ചെയ്തത് ശരിയല്ലെങ്കിൽ പോലും ഒരു ദുർബല നിമിഷത്തിൽ ഒപ്പിട്ടു. അത് ശരിയായിരുന്നില്ല എന്നാണ് സിപിഎമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും നിലപാട്’ - ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയോടുള്ള മുസ്‌ലിം ലീഗിന്റെ നിലപാടിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നേരത്തെ പദ്ധതിയെ നഖശിഖാന്തം എതിർത്ത മുസ്‌ലിം ലീഗ് ഇപ്പോൾ അതിന്റെ വക്താക്കളായി മാറി. അധികാരത്തിലെത്തുന്നതിന് മുമ്പ് നിയമസഭയിൽ പദ്ധതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ലീഗിന് ഇപ്പോൾ എതിർപ്പില്ല. അധികാരം നിലനിർത്തുകയാണ് അവരുടെ ലക്ഷ്യം. ഇത് സമൂഹത്തോട് ചെയ്യുന്ന അങ്ങേയറ്റത്തെ അപരാധമാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിഎം ശ്രീ വിഷയത്തിൽ സിപിഐ നേരത്തെ സ്വീകരിച്ച നിലപാടാണ് രാമകൃഷ്ണൻ ആവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും രാഷ്ട്രീയ ആർജവമുള്ളത് ഇടതുപക്ഷത്തിനാണെന്നും അതിന്റെ തെളിവാണ് ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
’ഒരു തെറ്റ് ബോധ്യപ്പെട്ടാൽ അത് തെറ്റാണെന്ന് ഉറക്കെ പറയാനുള്ള രാഷ്ട്രീയ ആർജവം ഞങ്ങൾക്കുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും ഒന്നല്ല. ഈ വഴിക്ക് പോകരുതെന്ന് ആദ്യം പറഞ്ഞ പാർട്ടിയാണ് സിപിഐ എന്ന് അഭിമാനത്തോടെ പറയാൻ കഴിയും’ - ബിനോയ് വിശ്വം പറഞ്ഞു.
2025 ഒക്ടോബറിലാണ് എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. ഇത് മുന്നണിക്കുള്ളിൽ കടുത്ത അഭിപ്രായഭിന്നതയ്ക്ക് വഴിവെച്ചിരുന്നു. സിപിഐയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ അന്ന് മരവിപ്പിച്ചിരുന്നു.



