Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒറിജിനലിനെ വെല്ലുന്ന...

ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണാഭരണങ്ങൾ വ്യാപകം, ഹാൾമാർക്ക് ഉൾപ്പെടെ വ്യാജൻ; ഗൂഢസംഘത്തെ കണ്ടെത്തണ​മെന്ന് സ്വർണവ്യാപാരികൾ

text_fields
bookmark_border
Gold Rate
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഹാൾമാർക്ക് എച്ച്‌യുഐഡി (HUID) മുദ്ര പതിച്ച വ്യാജ സ്വർണാഭരണങ്ങളുടെ വ്യാപക വിൽപ്പന നടക്കുന്നതായും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണമെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ സ്വർണാഭരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്നതായി അവർ ചൂണ്ടിക്കാട്ടി. കണ്ണൂർ ചക്കരക്കലിൽ വ്യാജ സ്വർണവുമായി തട്ടിപ്പ് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളിയിൽ വ്യാജ സ്വർണം വിൽക്കാനെത്തിയ സംഘം പൊലീസിനെ കണ്ട് രക്ഷപ്പെടുകയും അവർ ഉപയോഗിച്ചിരുന്ന മോട്ടോർസൈക്കിൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ഒരു ജ്വല്ലറിയിൽ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഹാൾമാർക്ക് എച്ച്‌യുഐഡി മുദ്ര പതിച്ച വ്യാജാഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബിഐഎസ് കെയർ (BIS Care) ആപ്പിൽ ആറ് അക്കങ്ങളുള്ള ആൽഫാന്യൂമറിക് എച്ച്‌യുഐഡി നമ്പർ പരിശോധിച്ചാൽ ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ പേരും വിലാസവും ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങളും ലഭിക്കുമെന്നും അവർ അറിയിച്ചു.

വ്യാജ സ്വർണാഭരണങ്ങൾ പണയ സ്ഥാപനങ്ങളിൽ നൽകി വായ്പ തട്ടിയെടുക്കുന്ന സംഭവങ്ങളും വർധിച്ചുവരുന്നതായി അവർ പറഞ്ഞു. സ്വർണവിലയിലെ വലിയ വർധനവിന് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായതെന്നും, വ്യാജാഭരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘടിത സംഘത്തിന്റെ പ്രവർത്തനവും ഹാൾമാർക്ക് എച്ച്‌യുഐഡി മുദ്രയുടെ ദുരുപയോഗവും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article
TAGS:fake gold Hallmark jewellery fraud 
News Summary - traders demand probe into Fake gold jewellery racket
Next Story