താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതം നിരോധിച്ചു; അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും
text_fieldsലക്കിടി: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നു. ഇതേതുടർന്ന് ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡി.വൈ.എസ്.പി സുഷീർ അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴി യാത്രക്ക് മുന്‍ഗണന നല്‍കണമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്നലെ രാത്രി എട്ടേമുക്കാലോടെ ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാൽ, മണ്ണിടിച്ചിൽ തുടർന്നതോടെ ഇന്ന് രാവിലെ വീണ്ടും തടയുകയായിരുന്നു.
സുരക്ഷ പരിശോധന നടത്തി റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് മണ്ണും പാറകളും വീണത്. തുടർന്ന് നിരവധി വാഹ്നങ്ങൾ വൈത്തിരിയിലും ലക്കിടിയിലും ചുരത്തിലുമടക്കം കുടുങ്ങി കിടന്നു. ഈ വാഹനങ്ങളെയെല്ലാം ഇന്നലെ രാത്രി കടന്നുപോകാൻ അനുവദിച്ചു. ഇവ കടത്തിവിട്ടശേഷം സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ചുരം വീണ്ടും അടച്ചു.