ജീവൻ പണയംവെച്ച് അർച്ചനയെ രക്ഷിച്ച ആ ചുവപ്പ് ഷർട്ടുകാരനെ തേടി റെയിൽവേ പൊലീസ്
text_fieldsട്രെയിനിൽ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ്
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽനിന്ന് പെണ്‍കുട്ടിയെ ചവിട്ടി ട്രാക്കിലിട്ട കേസിലെ മുഖ്യസാക്ഷിയെ തേടി റെയിൽവേ പൊലീസ്. പരിക്കേറ്റ ശ്രീകുട്ടിയുടെ സുഹൃത്തിനെ രക്ഷിക്കുകയും അക്രമി സുരേഷിനെ കീഴടക്കുകയും ചെയ്ത ചുവന്ന ഷർട്ട് ധരിച്ച യുവാവിനെ കണ്ടെത്താനാണ് ശ്രമം.
പുകവലിക്കുന്നത് ചോദ്യംചെയ്തതിനാണ് ഞായറാഴ്ച കേരള എക്സ്പ്രസിലെ ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ സുഹൃത്തിനൊപ്പം ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ്കുമാർ ട്രെയിനിൽനിന്ന് ചവിട്ടി പുറത്തേക്കിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളംകേട്ട് ചുവന്ന ഷര്‍ട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി.
ഇയാളെ പിന്നീട് ട്രെയിനിലുണ്ടായിരുന്ന ആരും കണ്ടില്ല. സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയയാളെ ശ്രദ്ധയിൽപെട്ടത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വി പരിശോധിച്ചെങ്കിലും ചുവന്ന ഷര്‍ട്ടുകാരനെ കണ്ടില്ല. ഇദ്ദേഹത്തെ അറിയാവുന്നവര്‍ തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലോ കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലോ അറിയിക്കണമെന്നാണ് നിർദേശം. ഇദ്ദേഹത്തെ ആദരിക്കാനും പൊലീസിന് പദ്ധതിയുണ്ട്.
അതേസമയം, സുരേഷ് കുമാർ ട്രെയിനിൽ കയറുന്നതിന് മുമ്പ് അമിതമായി മദ്യപിച്ചിരുന്നുവെന്നതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിന് സമീപിത്തുള്ള ബാറിൽനിന്നാണ് മദ്യപിച്ചത്.
ശ്രീകുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് ജയിലിൽ നടത്താൻ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഇതിനുശേഷമാകും സുരേഷ് കുമാറിനെ തെളിവെടുപ്പിനും കൂടുതൽ ചോദ്യംചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങുക.


