വനിതഡോക്ടറുടെ പീഡന പരാതിയിൽ മലയിൻകീഴ് സി.ഐക്ക് സ്ഥലംമാറ്റം
text_fieldsതിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയെന്ന വനിതഡോക്ടറുടെ പരാതിയിൽ പ്രതിയായ സി.ഐക്കെതിരെ നടപടി. തിരുവനന്തപുരം മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.വി. സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി.
സൈജു നിലവിൽ അവധിയിലാണ്. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡന്റ് കൂടിയാണ് സൈജു.
വനിതഡോക്ടറുടെ പരാതിയിൽ സൈജുവിനെതിരെ കഴിഞ്ഞദിവസം പൊലീസ് കേസ് എടുത്തിരുന്നു. കേസിന്റെ അന്വേഷണം നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് കൈമാറി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.
പരാതിക്കാരി തന്റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്.ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. 2019ൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ പരാതി.
പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പണം കടംവാങ്ങി. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോൾ വിവാഹബന്ധം വേർപെട്ടു. വിദേശത്തേക്ക് തിരിച്ചുപോകാനും കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സി.ഐയുടെ ബന്ധുക്കള്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയതെന്ന് യുവതി പറയുന്നു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടന്നു.
ആദ്യം തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. വിഷയം വിവാദമായതോടെ ശനിയാഴ്ച രാത്രി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.