മുഹ്സിൻ എം.എൽ.എ ക്ഷോഭിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലംമാറ്റം റദ്ദാക്കി
text_fieldsകൊച്ചി: ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ ഫോൺ വിളിച്ച് ക്ഷോഭിച്ചതിന് പിന്നാലെയാണ് സെക്രട്ടറിയെ കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയത്. സഹോദരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു എം.എൽ.എയുടെ ഫോൺവിളി. സ്ഥലംമാറ്റം റദ്ദാക്കി പാലക്കാട് ജില്ലയിൽ തന്നെ നിയമനം നൽകണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ എം.എൽ.എ താക്കീത് നൽകിയത്. സഹോദരി വിവാഹം രജിസ്റ്റർ ചെയ്യാനായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നെന്നും എന്നാൽ, വിദ്യാഭ്യാസ യോഗ്യതയടക്കം ചൂണ്ടിക്കാട്ടി സെക്രട്ടറി അപമാനിച്ചെന്നും കരഞ്ഞുകൊണ്ടാണ് സഹോദരി ഇറങ്ങിപ്പോയതെന്നും എം.എൽ.എ പറയുന്നു. സഹോദരി തന്നോട് പറഞ്ഞില്ലെന്നും അവിടെ കൂടെനിന്നവരാണ് വിവരം അറിയിച്ചതെന്നും എം.എൽ.എ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ജനുവരി 20നാണ് സംഭവം നടന്നത്. പഞ്ചായത്ത് സെക്രട്ടറി ജഗദീഷ് തന്നെയാണ് സ്ഥലം മാറി പോയ ശേഷം ഫോൺ സംഭാഷണം പുറത്ത് വിട്ടത്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസിലെത്തിയ സഹോദരിയെ ലേറ്റ് മാരേജിന്റെ കാര്യവും വിദ്യാഭ്യാസ യോഗ്യതയും പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് എംഎല്‍എയുടെ ആരോപണം.
എന്നാൽ, താൻ അത്തരത്തിൽ പെരുമാറിയിട്ടില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. സംഭവ സ്ഥലത്ത് വേറെയും ആളുകളുണ്ടായിരുന്നു. എല്ലാവരും കേട്ടതാണ്. ആളുകളോട് മോശമായി സംസാരിക്കാൻ കരാറെടുത്തതു പോലെയാണ് എം.എൽ.എയുടെ സംസാരം. എന്താണ് പറഞ്ഞതെന്ന് നല്ല ബോധ്യമുണ്ടെന്നും സെക്രട്ടറി ഫോൺ സംഭാഷണത്തിൽ പറയുന്നു.
ജനുവരി 20നാണ് എം.എൽ.എയുടെ സഹോദരി പഞ്ചായത്ത് ഓഫിസിൽ സർട്ടിഫിക്കറ്റിന്‍റെ ആവശ്യത്തിനായി എത്തിയത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ചില തർക്കങ്ങളുണ്ടായി. ഇതിനു പിന്നാലെയാണ് എം.എൽ.എ സെക്രട്ടറിയെ വിളിച്ചത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നു. മാസങ്ങൾക്കു ശേഷം ഓഡിയോ ക്ലിപ് പുറത്തുവിട്ടതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. സെക്രട്ടറിക്കെതിരെ സമാന പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം.എൽ.എ പ്രതികരിച്ചു.