കണ്ടിട്ടും കാണാത്ത അധികാരികൾ...ഇവർ ഇങ്ങനെ ജീവിച്ചാൽ മതിയോ?
text_fields1. കുമ്പളക്കോട് മാട്ടിൻമുകൾ ആദിവാസി സങ്കേതത്തിലെ അനീഷ്-ശാലിനി ദമ്പതിമാർ താമസിക്കുന്ന കുടിൽ 2. കുമ്പളക്കോട് മാട്ടിൻമുകൾ ആദിവാസി
സങ്കേതത്തിലെ അടുക്കളകളിലൊന്ന്
പഴയന്നൂർ: തെരഞ്ഞെടുപ്പിൽ നാടകം കളിച്ചവർ കാണാതെ പോകരുത് കാടിന്റെ മക്കളുടെ കണ്ണീർ. കുമ്പളക്കോട് ആദിവാസി സങ്കേതത്തിലെ 14 കുടുംബങ്ങളാണ് നമുക്കിടയിൽ ജീവിക്കുന്നത്. കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടോ, വെച്ചുകഴിക്കാൻ അടുക്കളയോ, നാലുചുമരുള്ള ശൗചാലയമെന്നതുപോലും ഇവർക്കന്ന്യം.
വെട്ടിയെടുത്ത കാട്ടുകമ്പുകൾ നാട്ടി പ്ലാസ്റ്റിക് ഷീറ്റ് മൂടിയതാണ് മിക്കവരുടെയും അടുക്കള. ചിലരുടെ വീടും ഇതുതന്നെയാണ്. പാമ്പും പഴുതാരയും തേളും തുടങ്ങിയ ക്ഷുദ്രജീവികൾ കയറാതെ അടച്ചുറപ്പുള്ള ഒരുമുറിയെങ്കിലും വേണമെന്ന ഇവരുടെ സ്വപ്നത്തിന് ഇവരുടെ മാതാപിതാക്കളെക്കാളും പ്രായമുണ്ട്. പ്രായപൂർത്തിയായ പെൺകുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും പുലർച്ചെ വെളിച്ചം വീഴും മുമ്പേ കാട് കയറി വേണം പ്രാഥമിക കൃത്യം നിർവഹിക്കാൻ. പിന്നീട് ഇരുട്ടുവീഴണം കുളിക്കണമെങ്കിൽ. ഭയക്കാതെ ശൗചാലയത്തിൽ പോകാനോ കുളിച്ച് വസ്ത്രം മാറാനോ പകൽ വെളിച്ചത്തിൽ ഇവർ ആഗ്രഹിക്കാറില്ല.
ഈ മനുഷ്യജീവിതങ്ങൾ ആരുടെയും ഹൃദയം തകർക്കുന്നതാണ്. കാടിനുള്ളിൽ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇത് നല്ല റോഡും ആദിവാസി ഇതരരായ ആളുകളും താമസിക്കുന്നിടത്ത് ദുരിത ജീവിതം. ഇനി ‘കോളനി’ എന്ന പദം ഉപയോഗിക്കില്ല എന്ന ചരിത്രപരമായ വിളംബരം പുറപ്പെടുവിച്ച ജനപ്രതിനിധിയുടെ മണ്ഡലത്തിലാണോ ഇത്രമേൽ പതിതാവസ്ഥയിൽ ആദിവാസികൾ വസിക്കുന്നത് എന്ന് ചോദിച്ചുപോകും. അത്രക്കുണ്ട് ഇവരുടെ പ്രയാസങ്ങൾ. 81കാരനായ ചുക്രൻ ആണ് ഇവിടുത്തെ ഊരുമൂപ്പൻ. ചുക്രന്റെ മക്കളും കൊച്ചുമക്കളും ഒക്കെത്തന്നെയാണ് മറ്റ് താമസക്കാർ.
പെൺകുട്ടികളും കുഞ്ഞുങ്ങളും അടക്കം 74 അംഗങ്ങളാണ് 14 കുടുംബങ്ങളിലുമായി ഉള്ളത്.
പദ്ധതികൾ പലതുണ്ടെങ്കിലും ഒന്നും പൂർത്തീകരിച്ച് ഇവരിലെത്തിന്റെ കാരണം അജ്ഞാതം. വർഷങ്ങൾക്ക് മുമ്പ് ഏതാനും സിമന്റ് കട്ടകൾ കൊണ്ട് പണിതതിനെ വീടെന്ന് പേരിട്ട് വിളിക്കാനാവില്ല. കാരണം ഒരു വീടിനു വേണ്ടതൊന്നും ആ നിർമിതിക്കില്ല.
2005-2006 കാലത്ത് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പഴയന്നൂർ കുടുംബശ്രീ പണിത് നൽകിയ ചുക്രന്റെ വീടിന് വാതിലുകളോ ജനലുകളോ ഇല്ല. തീരെ കനംകുറച്ച് വാർത്ത വീടിന്റെ മേൽക്കൂര ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ചുക്രന്റെ ഭാര്യ മണ്ടോടി, സഹോദരി വേശു എന്നിവർ ഈ ഇടിഞ്ഞുപൊളിഞ്ഞ വീട്ടിലാണ് താമസം.
ചുക്രന്റെ ഒരുമകൾ പാമ്പ് കടിയേറ്റാണ് മരിച്ചത്. മറ്റൊരു മകളെ കാട്ടിൽവെച്ച് പന്നി കുത്തി പരിക്കേൽപിച്ചിട്ടുണ്ട്.
അടച്ചുറപ്പുള്ള വീടും എല്ലാവീടുകൾക്കും കക്കൂസും എന്നതാണ് ഇവരുടെ പ്രാഥമിക ആവശ്യം. അതുപോലും നിവർത്തിച്ചുകൊടുക്കാൻ അധികാരികൾക്കോ രാഷ്ട്രീയക്കാർക്കോ ആയിട്ടില്ല.
തെരഞ്ഞെടുപ്പാകുമ്പോൾ മാത്രം വാഗ്ദാന പെരുമഴയുമായെത്തുന്നവർ തെരഞ്ഞെടുക്കപ്പെട്ടാൽ ഈ വഴി വരാറില്ല. പിന്നെ ഇവരെ കാണുന്നത് അടുത്ത് തെരഞ്ഞെടുപ്പെത്തുമ്പോഴാണ്. അപ്പോഴും കളങ്കമറിയാത്ത കാടിന്റെ മക്കൾ ഇവരെ നോക്കി ചിരിക്കും.
കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഊരുമൂപ്പൻ ചുക്രൻ (83) അടക്കം പത്തോളം കുടുംബങ്ങളെ ബി.ജെ.പി ജില്ല പ്രസിഡന്റ് അനീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പിയിൽ ചേർത്തിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം കെ. രാധാകൃഷ്ണൻ എം.പിയുടെ നേതൃത്വത്തിൽ ഇവരെ ചുവപ്പുനടയണിയിച്ച് സി.പി.എമ്മിൽ എത്തിച്ചു. പ്രതികരിക്കാനാവാതെ അപ്പോഴും കാടിന്റെ മക്കൾ തലകുനിച്ചു.