Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി ഭൂമി കൈയേറ്റം:...

ആദിവാസി ഭൂമി കൈയേറ്റം: ഉന്നതതല അന്വേഷണത്തിന് സർക്കാർ തീരുമാനിക്കണമെന്ന് ലാൻഡ് റവന്യു കമീഷണർ

text_fields
bookmark_border
ആദിവാസി ഭൂമി കൈയേറ്റം: ഉന്നതതല അന്വേഷണത്തിന് സർക്കാർ തീരുമാനിക്കണമെന്ന് ലാൻഡ് റവന്യു കമീഷണർ
cancel

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച ഉന്നതതലതല അന്വേഷണം നടത്തുന്നതിന് സർക്കാർ തീരുമാനം ആവശ്യമാണെന്ന് ലാൻഡ് റവന്യു കമീഷണർ. പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാർച്ച് 22ന് എഴുതിയ കത്തിൽ ലാൻഡ് റവന്യൂ കമീഷണർ ശിപാർശ ചെയ്തത്.

അട്ടപ്പാടിയിലെ ആദിവാസികൾ ടി.ആർ ചന്ദ്രന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ എസ്. ബാബുവിനെ അന്വേഷണത്തിന് അട്ടപ്പാടിയിലേക്ക് അയച്ചത്. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർ ഉൾപ്പെട്ട ഉന്നതലതല സംഘം അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്തത്.

ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ എംഎൽഎ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. അട്ടപ്പാടി യിൽനിന്ന് ആദിവാസികളെ തുടച്ചു നീക്കുന്ന തരത്തിൽ വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറ്റം നടക്കുന്നുവെന്നാണ് കെ.കെ രമ ചൂണ്ടിക്കാണിച്ചത്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ആദിവാസികൾ സുകുമാരൻ അട്ടപ്പാടിയുടെ നേതൃത്വത്തിൽ നയസഭയിലെത്തി സ്പീക്കർക്കും എം.എൽ.എമാർക്കും നേരിട്ട് കണ്ട് പരാതി നൽകി. ഇതിനെ തുടർന്നാണ് കെ.കെ. രമ നിയമസഭയിൽ അവതരിപ്പിച്ച് സബ് മിഷൻ പരിശോധിച്ചാണ് ലാൻഡ് റവന്യൂ കമീഷണർ ഉന്നതതല അന്വേഷണത്തിന് സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടത്.

തലമുറകളായി ആദിവാസികൾ അനുഭവിച്ച് വരുന്ന ഭൂമി ഭീക്ഷണിപ്പെടുത്തിയും മറ്റ് സ്വാധീനങ്ങൾ വഴിയും മറ്റുള്ളവർ കൈയേറി അവകാശം സ്ഥാപിക്കുകയാണ്. പട്ടികവർഗക്കാരുടെ നിഷ്കളങ്കതയും അജ്ഞതയും മുതലെടുത്താണ് ഭൂമി കൈയേറുന്നത്. കൈയേറിയ ഭൂമിയ്ക്ക് ഇലക്ട്രിക് ഫെൻസിംഗ് നടത്തി സംരക്ഷിക്കുന്നതിനാൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ പട്ടികവർഗ്ഗക്കാരുടെ ഉന്നതികളിലേക്കും കൃഷി ഭൂമിയിലേക്കും ഇറങ്ങി വരുന്നു. കൈയേറ്റക്കാർ അട്ടപ്പാടിയിൽ വ്യാപകമായി കുന്ന് ഇടിച്ചു നിരത്തി അട്ടപ്പാടിയിലെ പരിസ്ഥിതി ദുർബലമേഖല തകർക്കുകയാണ്.

നിലവിൽ അട്ടപ്പാടിയിൽ ഡിജിറ്റൽ സർവേ നടക്കുകയാണ്. വ്യാജരേഖകൾ ഉണ്ടാക്കി പട്ടികവർഗ ഭൂമി ധാരാളം കൈവശപ്പെടുത്തി എന്ന പരാതി ഉണ്ടാകുന്ന സാഹചര്യത്തിൽ ധൃതി പിടിച്ച് ഡിജിറ്റൽ സർവേ നടത്തുന്നത് കൈയേറ്റങ്ങൾ ഉണ്ടാകാൻ ഇടയാക്കും. പട്ടിക വർഗക്കാരുടെരുടെ ഭൂമി കൈയേറ്റം സംബന്ധിച്ച് പരാതി ലഭിക്കുന്ന മുറക്ക് ഉടൻ തന്നെ സ്റ്റോപ്പ് മെമ്മോ കൊടുക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്തത്. എന്നാൽ, ഡിജിറ്റൽ സർവേ നിർത്തിവെക്കണമെന്ന ആവശ്യം മന്ത്രി കെ. രാജൻ നിയമസഭയിലും അംഗീകരിച്ചില്ല.

പട്ടികവർഗക്കാരുടെ ഭൂമി വ്യാജരേഖ ചമച്ച് കൈയടക്കുന്നതിന് കൂട്ടുനിൽക്കുന്നതിനായി കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി - പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരം നടപടിക്ക് നിർദേശിച്ചത് പരിഗണിക്കണമെന്നാണ് ലാൻഡ് റവന്യൂ കമീഷണറുടെ ശിപാർശ. അട്ടപ്പാടിയിലെ ആദിവാസികൾ മന്ത്രി കെ. രാജന്റെ തൃശൂരിലെ ഓഫിസിലെത്തി പരാതി നൽകിയിട്ടും മന്ത്രി നടപടി സ്വീകരിച്ചില്ല. ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയിട്ടും ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാൻ തടസമെന്തെന്നാണ് ആദിവാസി മഹാസഭ കൺവീനർ ടി.ആർ. ചന്ദ്രൻ ചോദിക്കുന്നത്. അട്ടപ്പാടിയിലെ മറ്റ് റിപ്പോർട്ടുകൾ പോലെ ഇതും റവന്യൂ വകുപ്പിന്റെ ചുവപ്പ് നാടയിൽ കുടങ്ങുമോയെന്നാണ് ആദിവാസികളുടെ ആശങ്ക.

Show Full Article
TAGS:Land revenue Commissioner attappadi tribal land Adivasi 
News Summary - Tribal land encroachment: Government decision needed for high-level investigation, says Land Revenue Commissioner
Next Story