ആദിവാസി യുവതി വനത്തിനുള്ളില്‍ മരിച്ചനിലയില്‍
text_fieldsപത്തനാപുരം: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ചന്‍കോവില്‍ മാമ്പഴത്തറ സ്വദേശിനിയായ സുനിലെന്ന് വിളിക്കുന്ന വര്‍ഗീസിന്‍റെ ഭാര്യ (44) രാജമ്മയാണ് മരിച്ചത്. അമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.
നാല് ദിവസമായി രാജമ്മയെ കാണ്‍മാനില്ലായിരുന്നു. വലിയ പാറക്കെട്ടിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഫാമിങ് കോര്‍പറേഷനിലെ താല്‍ക്കാലിക തൊഴിലാളിയായിരുന്ന ഇവര്‍ കുറച്ചുനാള്‍ വനംവകുപ്പിലും വാച്ചറായി ജോലി നോക്കിയിരുന്നു.
വനത്തിനുള്ളില്‍ കുടില്‍ കെട്ടിയാണ് ഇവര്‍ താമസിച്ചിരുന്നത്. മരണവുമായി ബന്ധപ്പെട്ടുണ്ടായ സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് സുനിലിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ അച്ചന്‍കോവില്‍ പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ പറഞ്ഞു.
അച്ചന്‍കോവില്‍ പൊലീസും അമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കയച്ചു. സുനില്‍, സുമിത, നന്ദു എന്നിവര്‍ മക്കളാണ്.


