അട്ടപ്പാടിയിലെ മൂലഗംഗൽ ഊരിൽ വൻതോതിൽ ഭൂമി കൈയേറുന്നുവെന്ന് ആദിവാസികളുടെ പരാതി
text_fieldsകോഴിക്കോട് : അട്ടപ്പാടിയിലെ മൂലഗംഗൽ ഊരിൽ വൻതോതിൽ ഭൂമി കൈയേറുന്നുവെന്ന് ആദിവാസികളുടെ പരാതി. ലാൻഡ് റവന്യൂ കമീഷണർക്കാണ് ആദിവാസികൾ പരാതി അയച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് നീരുറവകളും അരുവികളും നികത്തിയുള്ള ഭൂമി കൈയറ്റം ആദിവാസികൾ തടഞ്ഞു. ആദിവാസികൾ മത്രം ജീവിക്കുന്ന മേഖലയാണിത്. നേരത്തെ മുഖ്യമന്ത്രിയുടെ നവകേരള സദസിലടക്കം മൂലഗംഗൽ ഊരിലെ ആദിവാസികൾ പരാതി നൽകിയിരുന്നു.
തമിഴ് നാട്ടിലെയും സംസ്ഥാനത്തെ മറ്റ് ജില്ലകളിലുള്ളവരും വ്യാജ ആധാരമുണ്ടാക്കി നിരവധി തവണ ഭൂമി കൈമാറ്റം ചെയ്തിട്ടുണ്ട്. നിലവിൽ ആരുടെ പേരിലാണ് ഭൂമിക്ക് നികുതി അടക്കുന്നതെന്ന് പോലും ആദിവാസികൾക്ക് അറിയില്ല. ആദിവാസികളുടെ ഗോത്രാചാര-അനുഷ്ഠാനങ്ങൾ നടത്തുന്ന സ്ഥലവും കുടിവെള്ള സ്രോതസും അടക്കം കൈയേറിയെന്ന് പരാതിയിൽ പറയുന്നു. മണ്ണുമാന്തിയും ക്രെയിനുകളും അടക്കമുള്ള യന്ത്രങ്ങൾ കൊണ്ടുവന്നാണ് കുന്നുകൾ ഇടിച്ചു നിരത്തി ഭൂമി നിരപ്പാക്കുന്നത്.
പഞ്ചായത്ത് റോഡ് ഇവിടെ പൊളിഞ്ഞു കിടക്കുകയാണ്. ആദിവാസി ഊരിന് നടുവിലൂടെയും മഞ്ഞുമാന്തി യന്ത്രങ്ങൾ കടന്നു പോകുന്നത്. ഊരിന് സമീപമുള്ള കുടിവെള്ള നീരുറവുകൾ ആകെ മണ്ണിട്ട് നികത്തുകയാണ്. പുഴയുടെ ഉത്ഭവ സ്ഥാനം തന്നെ തകർക്കുന്ന പ്രവർത്തികളാണ് നടത്തിയത്. തോടുകളും നീരുറവുകളും ശ്മശാനത്തിലേക്ക് പോകുന്ന റോഡും പുരാതന ക്ഷേത്രവും ക്ഷേത്രഭൂമിയും മലകളും പ്രകൃതിയും സംരക്ഷിക്കാൻ ലാൻഡ് കമീഷണർ ഇടപെടണം എന്നാണ് പരാതിയിലെ ആവശ്യപ്പെട്ടത്.

ആദിവാസികളുടെ ഭൂമി അളന്ന് നൽകണമെന്നും ആദിവാസി മേഖലയിലെ ഭൂമി കൈയേറ്റ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു. മൂലഗംഗൽ ഊരിയിലെ 36 പേരാണ് പരാതിയിൽ ഒപ്പിട്ടത്. ലാൻഡ് റവന്യൂ കമീഷണർക്ക് അയച്ച പരാതിയുടെ പകർപ്പ് പാലക്കാട് കലക്ടർ, ഒറ്റപ്പാലം സബ് കലക്ടർ, മണ്ണാർക്കാട് ഡി.എഫ്.ഒ, അട്ടപ്പാടി ട്രൈബൽ ഓഫീസർ എന്നിവർക്കും അയച്ചു.
2006ലെ വനാവകാശ നിയമപ്രകാരം സാമൂഹിക വനാവകാശവും വ്യക്തിഗത വനാവകാശവും നൽകിയ ഊരാണ് മൂലഗംഗൽ. വന്യജീവികളുടെയും വനത്തിന്റെയും ജൈവ വൈവിധ്യത്തിന്റെയും സംരക്ഷണം നിയമപ്രകാരം ആദിവാസികൾക്കാണ്. ജലസ്രോതസുകൾ, അരുവികൾ, പുഴകൾ, കുളങ്ങൾ, തടാകങ്ങൾ തുടങ്ങിയവയു വൃഷ്ടി പ്രദേശങ്ങൾ, പരിസ്ഥിതി ദുർബല മേഖലകളിൽ എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്താനും ആദിവാസികൾക്ക് ബാധ്യതയുണ്ട്. വനാവകാശ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് വൻതോതിൽ ആദിവാസി ഭൂമി കൈയേറുന്നത്.
മുൻമന്ത്രി എ.കെ. ബാലൻ തിരുവോണത്തിന് ഊണ് കഴിച്ച മൂലഗംഗൽ ഊരിലാണ് വൻതോതിൽ ഭൂമി കൈയേറ്റം നടക്കുന്നത്. നിയമസഭയിൽ കെ.കെ. രമ എം.എൽ.എ മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം മേഖലകളിൽ വ്യാജരേഖ ഉപയോഗിച്ച് ആദിവാസി ഭൂമി കൈയേറിയത് നിയമസഭയിൽ സബ്മിഷനിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. റവന്യുമന്ത്രി അന്വേഷിക്കുമെന്ന് ഉറപ്പും നൽകി.
മൂലഗംഗലിലെ ആദിവാസികൾ മുഖ്യമന്ത്രിയെ നേരിട്ട് നേരത്തെ കണ്ട് പരാതി നൽകി. അതിന്റെ സ്ഥാനത്തിൽ പട്ടികവർഗ ഡെപ്യൂട്ടി ഡയറക്ടർ ഷുമിൻ .എസ്. ബാബു അട്ടപ്പാടിയിലെത്തി പ്രാഥമിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആദിവാസി ഭൂമി കൈയേറ്റം വ്യാപകമായി നടന്നുവെന്നാണ് അദ്ദേഹം റിപ്പോർട്ട് നൽകിയത്. വനം, പട്ടികവർഗ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളിലെ സെക്രട്ടറിമാർ ഉൾപ്പെടുന്ന ഉന്നതതല സംഘം അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈറിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ നൽകി.
റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ ഇതുവരെ മന്ത്രി കെ. രാജൻ തയാറായില്ല. റവന്യൂ വകുപ്പ് ഇപ്പോഴും ഈ റിപ്പോർട്ടിന്മേൽ അടയിരിക്കുകയാണ്. ആദിവാസി ഭൂമി കൈയേറ്റത്തെ സഹായിക്കുന്ന നിലപാടാണ് റവന്യൂ വകുപ്പ് അട്ടപ്പാടിയിൽ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. വ്യാജരേഖ നിർമിച്ച് ആദിവാസി ഭൂമി കൈയേറുന്നതിന് സഹായം നൽകുന്നത് അട്ടപ്പാടിയിലെ ഒരു സംഘം റവന്യൂ ഉദ്യോഗസ്ഥരാണെന്ന കാര്യത്തിലും സംശയമില്ല. ലാൻഡ് റവന്യൂ കമീഷണർ ഇടപെടുമെന്ന വിശ്വാസത്തിലാണ് ആദിവാസികൾ .