പട്ടികജാതി വികസന വകുപ്പ് ഉത്തരവ് മറികടന്ന് സ്ഥലംമാറ്റ നീക്കം; തടയിട്ട് ട്രൈബ്യൂണൽ
text_fieldsതൊടുപുഴ: ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന ഉത്തരവ് മറികടന്ന്, പട്ടികജാതി വികസന വകുപ്പിൽ സ്ഥലംമാറ്റത്തിനുളള നീക്കം തടഞ്ഞ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ. ഇടുക്കി ജില്ല പട്ടികജാതി വികസന ഓഫിസർ സാജു ജേക്കബിന്റെ പരാതിയിലാണ് ട്രൈബ്യൂണൽ ഇടപെടൽ.
വയനാട് ജില്ല പട്ടികജാതി വികസന ഓഫിസർ ഐ.ആർ. സരിനെ തിരുവനന്തപുരം ജില്ല പട്ടികജാതി വികസന ഓഫിസറായും, ആലപ്പുഴ ജില്ല ഓഫിസർ ടി.എസ്. അജിമോനെ കോട്ടയം ജില്ല ഓഫിസറായും, കോട്ടയം ജില്ല ഓഫിസർ എം.എസ്. സുനിലിനെ ഇടുക്കി ജില്ല ഓഫിസറായും നിയമിക്കാനായിരുന്നു ഭരണാനുകൂല സംഘടനയുടെ നീക്കം. ഇതിനുളള നിർദേശം സർക്കാറിലേക്ക് പോയതോടെയാണ് പരാതിയുയർന്നത്.
വകുപ്പിൽ പൊതുസ്ഥലംമാറ്റം ഓൺലൈൻ മുഖേന മാത്രമേ നടത്താവൂയെന്ന് 2024 ജൂൺ ആറിന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഉത്തരവ് ഇറങ്ങി ഒരുവർഷമായിട്ടും ഓൺലൈൻ പൊതുസ്ഥലംമാറ്റം നടപ്പിൽ വരുത്താൻ എക്സ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിന് സാധിച്ചില്ല.
ഭരണാനുകൂല സംഘടന നേതാക്കളുടെ ഇടപെടലാണ് ഓൺലൈൻ സ്ഥലംമാറ്റം വൈകിക്കാൻ കാരണം. ഉത്തരവ് ഇറങ്ങിയശേഷം വകുപ്പിൽ അടിയന്തര സ്ഥലംമാറ്റമല്ലാതെ മറ്റൊന്നും നടന്നിട്ടുമില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് ഭരണാനുകൂല സംഘടനാ നേതാക്കളുടെ സ്ഥലംമാറ്റം നടപ്പാക്കാൻ അണിയറനീക്കം ആരംഭിച്ചത്. ട്രൈബ്യൂണൽ ഉത്തരവ് ഉള്ളതിനാൽ സ്ഥലംമാറ്റ അപേക്ഷ സർക്കാറിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് ഡയറക്ടർ നിലപാടെടുത്തെങ്കിലും യൂനിയൻ നേതാക്കൾ അയപ്പിച്ചെന്നാണ് വിവരം. മൂന്നുമാസം മുമ്പാണ് ഇപ്പോൾ സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നവരെ അതത് ജില്ലകളിൽ നിയമിച്ചത്.
പിന്നാലെ ഇവർ താൽപര്യമുളള ജില്ലകളിലേക്ക് സ്ഥലംമാറ്റത്തിനായി നീക്കവും ആരംഭിച്ചു. ഇവർ ഭരണാനുകൂല സംഘടനയുടെ നേതാക്കളുമാണ്. വകുപ്പിൽ പൊതുസ്ഥലംമാറ്റം ഓൺലൈൻ മുഖേന നടപ്പാക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവ് നിലനിൽക്കെ ഭരണാനുകൂല സംഘടന നേതാക്കൾ നടത്തിയ നിയമവിരുദ്ധ നീക്കം ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.