Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅജിത്കുമാറിന് വീണ്ടും...

അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്‌പെന്‍ഷന് സ്റ്റേയില്ല, ഹരജി അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി

text_fields
bookmark_border
https://www.madhyamam.com/tags/ajith-kumar
cancel
camera_alt

എ.ഡി.ജി.പി എം.ആർ. അജിത്കുമാർ

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി വിവാദവുമായി ബന്ധപ്പെട്ട് സസ്​പെൻഷനിലായ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് വീണ്ടും തിരിച്ചടി. സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അജിത്കുമാര്‍ നല്‍കിയ ഹരജി സെൻട്രൽ അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി. ഹരജിയില്‍ ട്രൈബ്യൂണല്‍ സര്‍ക്കാറിനോട് വിശദീകരണവും തേടി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആക്രമിച്ച കേസിൽ, നിയമവിരുദ്ധമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചാണ് അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. സംഭവദിവസം താന്‍ വയനാട് ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു എന്നായിരുന്നു വാദം. തന്റെ സസ്​പെൻഷൻ നിയമവിരുദ്ധമാണെന്നും ആരോപിച്ചിരുന്നു.

സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. കേസ് ഡയറി തിരുത്താനും റഫര്‍ റിപ്പോര്‍ട്ട് തയാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അജിത്കുമാര്‍ ഇടപെടല്‍ നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ബുധനാഴ്ച മന്ത്രിസഭ യോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹര്‍ജിയുമായി അജിത്കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. മന്ത്രിസഭ യോഗം പുതിയ ഡി.ജി.പിയെ നിശ്ചയിക്കും. തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥര്‍ ഡി.ജി.പിയായി പ്രമോട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും സീനിയോറിറ്റി മറികടന്നുള്ള പ്രമോഷന്‍ തടയണമെന്നും അജിത്കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയില്‍ മൂന്നുമണിക്കൂറിലേറെ ട്രൈബ്യൂണല്‍ വാദം കേട്ടു. തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ല. ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ട് പുറത്തിറക്കിയതാണ്. നിയമപരമായി തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ജി.എ.ഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും എ.ഡി.ജി.പി അജിത്കുമാര്‍ വാദിച്ചു. അതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, അജിത്കുമാര്‍ ഗുരുതരമായ കുറ്റം ചെയ്തയാളാണെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ്. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതിലൂടെ, ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണ് ചെയ്തത്. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.

Show Full Article
TAGS:MR Ajith Kumar adgp Kerala Police suspension Alappuzha News 
News Summary - അജിത്കുമാറിന്റെ സസ്‌പെന്‍ഷന് സ്റ്റേയില്ല
Next Story