നൊബേൽ പുരസ്കാര മുൻ ജൂറി ഡോ. മാധവ ഭട്ടതിരിക്ക് തലസ്ഥാനത്തിന്റെ ആദരാഞ്ജലി
text_fieldsതിരുവനന്തപുരം: മെഡിക്കൽ ബയോകെമിസ്ട്രി രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനും അധ്യാപകനും നൊബേൽ പുരസ്കാര ജൂറി അംഗവുമായിരുന്ന ചെങ്ങന്നൂർ ഇടവൂർ മഠത്തിൽ ഡോ. മാധവ ഭട്ടതിരിക്ക് (97) തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരം പൈപ്പിൻമൂട്ടിലെ സ്വാതി ലെയ്നിലെ വസതിയിൽ വ്യാഴാഴ്ച വൈകീട്ട് 7.30നായിരുന്നു അന്ത്യം. 1985ലെ കെമിസ്ട്രി നൊബേൽ സമ്മാന ജേതാവിനെ നിശ്ചയിക്കാനുള്ള അഞ്ചംഗ ജൂറിയിൽ അംഗമായിരുന്നു ഡോ. മാധവ ഭട്ടതിരി.
പ്രമേഹത്തെക്കുറിച്ചുള്ള പഠനത്തിൽ പിഎച്ച്.ഡി നേടിയ ഭട്ടതിരി, ബയോ കെമിസ്ട്രിയിൽ അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും വിവിധ സർവകലാശാലകളിൽ അധ്യാപകനായി ഏറെക്കാലം സേവനമനുഷ്ഠിച്ചു. ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിലെ ആജീവാനന്ത അംഗവുമായിരുന്നു.
ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ജനിച്ച ഭട്ടതിരി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയശേഷം നാഗ്പുർ സർവകലാശാലയിൽനിന്ന് ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി.
പ്രമേഹപഠനത്തിൽ അവിടെനിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ ഭട്ടതിരി, 1960ൽ അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കനേഡിയൻ സർക്കാറിന്റെ നാഷനൽ റിസർച്ച് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം ലോക രാജ്യങ്ങളിൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കാനുള്ള ലണ്ടനിലെ ഇന്റർ യൂനിവേഴ്സിറ്റി കൗൺസിൽ ഫോർ ഹയർ സ്റ്റഡീസ് ഇൻ മെഡിസിൻ പ്രതിനിധിയായിരുന്നു. മലേഷ്യയിലും എത്യോപ്യയിലും നൈജീരിയയിലും ആദ്യത്തെ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ബയോകെമിസ്ട്രി വിഭാഗം തലവനായിരുന്നു.
നൊബേൽ ജേതാക്കളായ ഫ്രെഡറിക് ബാന്റിങ്, ചാൾസ് എച്ച്.ബെസ്റ്റ് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയിലും ഐക്യരാഷ്ട്രസഭയിലും പ്രവർത്തിച്ചിട്ടുണ്ട്. പല വികസ്വരരാഷ്ട്രങ്ങളിലും മെഡിക്കൽ കോളജുകൾ തുടങ്ങാനുള്ള യു.എൻ ദൗത്യസംഘത്തിലും അംഗമായിരുന്നു. കഴിഞ്ഞവർഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. ഭട്ടതിരിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ആദരിച്ചിരുന്നു. മാലതി ഭട്ടതിരിയാണ് ഭാര്യ.
മക്കൾ: മാധുരി, ഡോ. മനു, ഡോ. മാലിനി. മരുമക്കൾ: ദാമോദരൻ നമ്പൂതിരി, നീന ഭട്ടതിരി, ശ്രീകാന്ത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ നടന്ന സംസ്കാര ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.