കേരളത്തിൽ തുലാവർഷം വൈകും; കാരണം അറബിക്കടലിലെ ചുഴലിക്കാറ്റ്
text_fieldsമധ്യ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ശക്തിയാർജിച്ച സാഹചര്യത്തിൽ കേരളത്തിൽ തുലാവർഷം വൈകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ശക്തി എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലാണ് ശക്തി ശക്തമാവുക.
ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ കുറവുണ്ടാകാനും ഈ ചുഴലി കാരണമാകും. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷത്തിൽ നല്ല രീതിയിൽ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. കേരളത്തിൽ ഒക്ടോബർ അവസാനത്തോടെ തുലാവർഷം ശക്തിപ്പെടാനാണ് സാധ്യത. നവംബറിലും ഡിസംബറിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ അടുത്താഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം. ഒക്ടോബർ എട്ടിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.
24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
തുലാമാസത്തിൽ ലഭിക്കുന്ന മഴയാണ് തുലാവർഷം. വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും.ചിലപ്പോൾ തുലാവർഷം ഒക്ടോബറിൽ തുടങ്ങി ഡിസംബർ വരെ നീണ്ടുനിൽക്കും. ഡിസംബറിൽ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. കനത്ത ഇടിയും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രത്യേകത. ഉച്ചക്കു ശേഷമായിരിക്കും മഴ പെയ്യുക.
കേരളത്തിലെ രണ്ടാം മഴക്കാലമാണ് തുലാവർഷം. ഈ കാലയളവിൽ തമിഴ്നാട്ടിൽ വാർഷിക വർഷപാതത്തിന്റെ 40 ശതമാനവും കേരളത്തിൽ 16 ശതമാനവും മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് തെക്കൻ ഭാഗങ്ങളിലാണ് തുലാവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത്. കേരളത്തിന്റെ വടക്കോട്ടു നീങ്ങുന്തോറും മഴയുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നു.