പെരുമ്പാമ്പിനെ ഫ്രൈയാക്കി കഴിച്ചു; രണ്ടു പേർ അറസ്റ്റിൽ
text_fieldsപെരുമ്പാമ്പിനെ ഫ്രൈയാക്കി കഴിച്ച സംഭവത്തിൽ അറസ്റ്റിലായവർ
കണ്ണൂർ: പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് ഭക്ഷിച്ച രണ്ട് യുവാക്കൾ വനം വകുപ്പിന്റെ പിടിയിലായി. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ വീട്ടിൽ യു. പ്രമോദ് (40), ചന്ദനംചേരി വീട്ടിൽ സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫിസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടിലായിരുന്നു പ്രതികൾ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെയാണ് ഇവർ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.പി. രാജീവൻ, എം. വീണ, ഡ്രൈവർ ആർ.കെ. രജീഷ് എന്നിവർ അടങ്ങുന്ന ടീമാണ് പ്രതികളെ പിടികൂടിയത്.