രണ്ടിടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരിച്ചു
text_fieldsഹനീഫ, ആരിഫാ ബീവി, ശശിധരൻ, അംബിക
മുഹമ്മദ് ഹനീഫ - ആരിഫാ ബീവി
കണിയാപുരം: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിര്യാതരായി. കെ.എൻ.എം മുൻ ജില്ല പ്രസിഡന്‍റും ഗവ. സെൻട്രൽ പ്രസ് റിട്ട. ജീവനക്കാരനുമായ പള്ളിപ്പുറം പാച്ചിറ തൊടിയിൽ വീട്ടിൽ മുഹമ്മദ് ഹനീഫ(87)യും ഭാര്യ ആരിഫാ ബീവി(83)യുമാണ് മരിച്ചത്. ആരിഫാ ബീവി വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മരിക്കുകയും ഉച്ചയോടെ കരിച്ചാറ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കുകയും ചെയ്തു.
ഹനീഫ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. പകൽ 11ഓടെ ഖബറടക്കം നടന്നു. ഇരുവരും വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. കരിച്ചാറ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്‍റ് കൂടിയാണ് ഹനീഫ. മക്കൾ: റംല ബീവി, ആയിഷത്ത് ബീവി, റജില ബീവി (സർവെയർ), അബ്ദുൽ ഖയ്യും (ഗവ. സെൻട്രൽ പ്രസ്), ഷാഹിദ ബീവി. മരുമക്കൾ: ഷറഫുദ്ദീൻ, ഷിഹാബുദ്ദീൻ, തൗഫീഖ്, നിസ (ഗവ. സെക്രട്ടേറിയറ്റ്), അൻസാരി.
ശശിധരൻ - അംബിക
കുന്നിക്കോട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. കുന്നിക്കോട് ആവണീശ്വരം കല്ലൂർക്കോണം എസ്.എസ് സദനത്തിൽ ശശിധരൻ (62), ഭാര്യ അംബിക (61) എന്നിവരാണ് മരണത്തിലും ഒരുമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.45ഓടെയായിരുന്നു അംബികയുടെ മരണം. തുടര്‍ന്ന് രാത്രി 11.30ഓടെ ശശിധരനും മരിച്ചു. ഏറെനാളുകളായി അർബുദബാധിതയായ അംബിക പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി തിരികെ വീട്ടിലെത്തിയ ശശിധരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
ഭാര്യ മരിച്ചതിനുശേഷം അന്നപാനീയങ്ങൾ ശശിധരൻ കഴിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകുന്നേരത്തോടെ ശശിധരനെ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. സജിത്ത്, ശരണ്യ എന്നിവർ മക്കളാണ്. അഖിൽ മരുമകൻ. ഇവരുടെയും സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടന്നു.