പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
text_fieldsപാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കുപറ്റിയ ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ജില്ല ആശുപത്രിയിലെ ജൂനിയർ ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ചികിത്സ സംബന്ധിച്ച് പൊതുനടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. വിഷയത്തിൽ ഡി.എം.ഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് നടപടി. ജില്ല ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡി.എം.ഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
സെപ്റ്റംബർ 24ന് വീട്ടിൽ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ കുട്ടിയെ ആദ്യം ചിറ്റൂർ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ, പിന്നീട് കൈയിൽ പഴുപ്പ് ബാധിക്കുകയും നില ഗുരുതരമായതോടെ കോഴിക്കോട് മെഡി. കോളജിൽ എത്തിക്കുകയുമായിരുന്നു. ഇവിടെനിന്നാണ് കൈ ഭാഗികമായി മുറിച്ചുമാറ്റിയത്. പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതുകാരിയുടെ വലതുകൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്.