കോഴിക്കോട് ബീച്ചിൽ ബൈക്കപകടത്തിൽ രണ്ടുയുവാക്കൾ മരിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ അമിത വേഗത്തിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കുകള്‍ ഓടിച്ച കോഴിക്കോട് മീഞ്ചന്ത കോയവളപ്പ് സ്വദേശി ജുബൈദ് (18), കണ്ണൂര്‍ മാട്ടൂല്‍ സെൻട്രലിലെ ഇട്ടപ്രത്ത് മർവാൻ (24) എന്നിവരാണ് മരിച്ചത്.
സൗത്ത് ബീച്ചിൽ ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് എതിർ ദിശയില്‍ വന്ന പള്‍സര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചത്. ആഘാതത്തില്‍ ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബൈക്കുകളിൽ ഇരുവരുടെയും പിറകിലിരുന്ന രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനങ്ങളുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ജുബൈദിന്‍റെ പിന്നിൽ യാത്രചെയ്ത പയ്യാനക്കൽ സ്വദേശി അഫ്രീദ്(19), മര്‍വാന്‍റെ കൂടെയുണ്ടായിരുന്ന മലപ്പുറം പാണ്ടിക്കാട് വള്ളുവമ്മൽ പാണക്കാടൻ ഹൗസിൽ ഫാരീസ് (17) എന്നിവരാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കപ്പക്കൽ സ്വദേശിയായ ജുബൈദ് കക്കോടി മോരിക്കരയിലാണ് താമസം. കപ്പക്കൽ സി.പി ഹൗസ് യൂനുസ്- ബീവിജാൻ ദമ്പതികളുടെ മകനാണ്. പരേതനായ കക്കാടൻ കൊച്ചൻ സുബൈർ-ഇട്ടപ്രത്ത് താഹിറ എന്നിവരുടെ മകനാണ് മരിച്ച മർവാൻ.


