രണ്ട് പേരുടെ ദാരുണാന്ത്യം: അപകടം അർബാനയിൽ താഴേക്ക് ഇറങ്ങുന്നതിനിടെ, ഹുക്ക് പൊട്ടി 21 കോൽ ആഴമുള്ള കിണറിൽ പതിച്ചു
text_fieldsഅബ്ദുൽ ഗഫൂർ, എം. രാജേഷ്
കണ്ണൂർ: കിണർ നിർമാണത്തിനിടെ രണ്ട് തൊഴിലാളികളുടെ ദാരുണാന്ത്യത്തിനിടയാക്കിയത് അർബാനയിൽ താഴേക്ക് ഇറങ്ങുന്നതിനിടെ അർബാനയും കയറും ബന്ധിപ്പിച്ചിരുന്ന ഹുക്ക് പൊട്ടിയത്. ചേലേരിമുക്ക് സ്വദേശി നൂഞ്ഞേരി കുറ്റ്യേരിക്കണ്ടി ഹൗസ് അബ്ദുൽ ഗഫൂർ (47), കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ മന്ദമ്പേത്ത് ഹൗസിൽ എം. രാജേഷ് (55) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
മുണ്ടേരിക്കടവ് സതീശൻ റോഡിന് സമീപം നൂഞ്ഞേരിയിലെ സാജിറിന്റെ വീട്ടിലെ 21 കോൽ ആഴമുള്ള കിണറ്റിൽ പണി നടക്കവെ അർബാനയിൽ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം. അർബാനയും കയറും ബന്ധിപ്പിച്ചിരുന്ന ഹുക്ക് പൊട്ടി ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും കണ്ണൂരിൽ നിന്നെത്തിയ അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ സി. ബാലന്റെയും ശൈലജയുടെയും മകനാണ് രാജേഷ്. ഭാര്യ: സജിത (മൈലാടത്തടം). സഹോദരങ്ങൾ: രഞ്ജിത്ത്, രാജീവൻ, രജ്മ. നൂഞ്ഞേരി കുറ്റ്യേരിക്കണ്ടി ഹൗസിൽ ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനാണ് അബ്ദുൽ ഗഫൂർ. ഭാര്യ: സൽമത്ത്. മക്കൾ: സഫ, സന, മുഹമ്മദ്. സഹോദരൻ: റഷീദ്.
രക്ഷാപ്രവർത്തനത്തിന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ വി.കെ. അഫ്‌സല്‍, വൈശാഖ് കെ. ഗോപി, ആര്‍.പി. ഷായിവാസ്, എന്‍.സി. അമൃതാനന്ദ്, ഹോംഗാര്‍ഡ് എന്‍.വി. നാരായണന്‍, പി.വി. മനോജ്, കെ.പി. നസീര്‍ എന്നിവർ നേതൃത്വം നൽകി.


