ലാബുകളിൽ തീർപ്പുകാത്ത് രണ്ടുലക്ഷം സാമ്പിളുകൾ
text_fieldsകണ്ണൂർ: സംസ്ഥാനത്തെ കെമിക്കൽ എക്സാമിനേഴ്സ് ലാബുകളിൽ പരിശോധനാഫലം കാത്ത് രണ്ടുലക്ഷത്തിലേറെ സാമ്പിളുകൾ. 79,228 കേസുകളിലായാണ് ഇത്രയും സാമ്പിളുകൾ തീർപ്പുകാത്തിരിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തതും സൗകര്യങ്ങളുടെ കുറവുമാണ് ഈയവസ്ഥക്ക് കാരണം. കുറ്റകൃത്യങ്ങളിലെ ശാസ്ത്രീയ തെളിവുകൾക്ക് സാമ്പിൾ ഫലം വൈകുന്നത് അന്വേഷണത്തെയും വിചാരണയെപോലും ബാധിക്കുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് കെമിക്കൽ എക്സാമിനേഴ്സ് ലാബുകളാണ് സംസ്ഥാനത്തുള്ളത്. നർകോട്ടിക്സ്, ടോക്സിക്കോളജി, സെറോളജി, ജനറൽ കെമിസ്ട്രി, എക്സൈസ് എന്നീ വിഭാഗങ്ങളിലായി ആയിരക്കണക്കിന് സാമ്പിളുകളാണ് ഓരോവർഷവും പരിശോധനക്ക് എത്തുന്നത്. വിവിധ അന്വേഷണ ഏജൻസികളും കോടതികളുമാണ് സാമ്പിളുകൾ ലാബിലേക്ക് അയക്കുന്നത്.
2026 ഫെബ്രുവരി ഒന്നുവരെയുള്ള കണക്കുപ്രകാരം 2,02,575 സാമ്പിളുകളാണ് ലാബുകളിൽ തീർപ്പുകാത്തിക്കുന്നത്. എറണാകുളം ലാബിലാണ് ഏറ്റവും കൂടുതൽ സാമ്പിളുകൾ- 96644 എണ്ണം. തിരുവനന്തപുരം 56131, കോഴിക്കോട് 49800 എന്നിങ്ങനെയാണ് കണക്ക്. ടോക്സിക്കോളജി വിഭാഗത്തിലാണ് കേസുകളും സാമ്പിളുകളും കൂടുതൽ. 41,913 കേസുകളിലായി 1,50,733 സാമ്പിളുകളാണ് ഈ വിഭാഗത്തിൽ ഫലം കാത്തിരിക്കുന്നത്. മനുഷ്യരിലെ വിഷാംശവും ആൽക്കഹോൾ സാന്നിധ്യവും സ്ഥിരീകരിക്കേണ്ടത് ഈ വിഭാഗത്തിലാണ്. കൊലപാതകം, ലൈംഗികാതിക്രമം, പോക്സോ കേസുകളുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകൾ സ്ഥിരീകരിക്കേണ്ട സെറോളജി വിഭാഗത്തിൽ 168 കേസുകളിലായി 391 സാമ്പിളുകളും ഫലം കാത്തിരിക്കുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 24,625 കേസുകളിലായി 24,879 സാമ്പിളുകളുമുണ്ട്. അബ്കാരി വിഭാഗത്തിൽ 12,224 കേസുകളിലായി 25,389 സാമ്പിളുകളും ഫലം കാത്തിരിക്കുന്നു.
പത്തുവർഷത്തിനിടെ ലാബുകളിൽ എത്തുന്ന സാമ്പിളുകളിൽ വൻ വർധനയാണുണ്ടായത്. സംസ്ഥാന ആഭ്യന്തരവകുപ്പിനു കീഴിലുള്ളതാണ് മൂന്ന് ലാബുകളും. മികച്ച ഉപകരണങ്ങളുടെ കുറവിനു പുറമെ ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. ടെക്നിക്കൽ/സീറോളജിക്കൽ അസിസ്റ്റന്റുമാരുടെ പി.എസ്.സി റാങ്ക്ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം വൈകുകയാണ്. സാമ്പിളുകളുടെ വർധനക്ക് അനുസരിച്ച് ജീവനക്കാരുടെ ഘടന പരിഷ്കരിക്കാത്തതും തിരിച്ചടിയാണ്.


