Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നേതാവിനെ...

സി.പി.എം നേതാവിനെ ആക്രമിച്ച ലഹരി മാഫിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ; തിരുവല്ല ചുമത്രയിലാണ് സംഭവം

text_fields
bookmark_border
drug mafia gang
cancel

തിരുവല്ല: തിരുവല്ലയിലെ ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ രണ്ടു പേർ തിരുവല്ല പൊലീസിന്‍റെ പിടിയിൽ. തിരുവല്ല ടൗൺ നോർത്ത് കോട്ടാലിൽ ബ്രാഞ്ചംഗം സി.സി. സജിമോനെ ആക്രമിച്ച സംഭവത്തിൽ ചുമത്ര കൂടത്തിങ്കൽ വീട്ടിൽ ടിബിൻ വർഗീസ് (32), ചുമത്ര കൊച്ചുപറമ്പിൽ വീട്ടിൽ ഷെമീർ (32) എന്നിവരാണ് പിടിയിലായത്.

ചുമത്ര കോട്ടാലി എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപത്തുവെച്ച് വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ ടിബിൻ വർഗീസും പ്രദേശവാസിയായ പ്രവീണും തമ്മിൽ വ്യാഴാഴ്ച വൈകിട്ട് മൊബൈൽ ഫോണിലൂടെ തർക്കമുണ്ടായി. ഇതിനിടെ പ്രവീൺ സജിമോനെ കൂടി കോൺഫറൻസ് കോളിൽ ഉൾപ്പെടുത്തി. തുടർന്ന് മൂവരും തമ്മിൽ ഫോണിലൂടെ വാക്കേറ്റത്തിൽ ഏർപ്പെട്ടു.

നിങ്ങൾ എവിടെയാണ് നിൽക്കുന്നതെന്നും ഞങ്ങൾ അങ്ങോട്ട് വരികയാണെന്നും ടിബിൻ ഫോണിലൂടെ വെല്ലുവിളിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ടിബിനും ഷമീറും അടങ്ങുന്ന നാലംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന സജിമോനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കെ.എസ്.കെ.ടി.യു നേതാവായിരുന്ന പി.കെ. അപ്പുക്കുട്ടന്‍റെ ചെറുമകനും കേസിലെ ഒന്നാംപ്രതിയുമായ അഭിമന്യുവിന്‍റെ (ചന്തു) ലഹരിക്കച്ചവടത്തിനെതിരെ സജിമോൻ പാർട്ടിക്കുള്ളിൽ പരാതി പറഞ്ഞിരുന്നു. ഇതേതുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ പ്രതികളായ അഭിമന്യൂവും നാലാം പ്രതി നിതിനും ഒളിവിലാണെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അക്രമത്തിൽ ഗുരുതര പരിക്കേറ്റ സജിമോൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മഹിള അസോസിയേഷൻ നേതാവിനെ കാറിൽകയറ്റി കൊണ്ടുപോയി മയക്കുമരുന്ന് ചേർത്ത ജ്യൂസ് നൽകി പീഡിപ്പിച്ച സംഭവത്തിലും വനിത സി.പി.എം പ്രവർത്തകയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിലും പ്രതിയായതിനെ തുടർന്ന് സി.സി. സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കിരുന്നു. അടുത്തിടെയാണ് ഇയാളെ കോട്ടാലി ബ്രാഞ്ച് കമ്മിറ്റിയംഗമായി പാർട്ടിയിൽ തിരികെ എടുത്തത്.

Show Full Article
TAGS:drug mafia cpm leader Arrest thiruvalla 
News Summary - Two members of the drug mafia gang that attacked a CPM leader have been arrested in Thiruvalla
Next Story