Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല പൊട്ടിച്ച രണ്ടു പേർ പിടിയിൽ; സംഭവം പട്ടാപ്പകല്‍ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ

text_fields
bookmark_border
Roshan and Sarath -Theft
cancel
camera_alt

മാല മോഷണക്കേസിൽ അറസ്റ്റിലായവർ

ഇരിങ്ങാലക്കുട: പട്ടാപ്പകല്‍ ഇരിങ്ങാലക്കുട നഗരമധ്യത്തിൽ ബുള്ളറ്റ് ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ രണ്ടു പ്രതികളെ റൂറൽ പൊലീസ് പിടികൂടി. എറണാകുളം ചേരാനെല്ലൂർ തൃക്കൂക്കാരൻ റോഷൻ (27), വരാപ്പുഴ ചിറക്കകം ഗാർഡിയൻ പറമ്പ് ശരത് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിരവധി മാല പൊട്ടിക്കൽ, ബൈക്ക് മോഷണക്കേസുകളിൽ പ്രതിയായ റോഷനാണ് സംഘത്തലവൻ. കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷണക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന റോഷൻ ഈ മാസം 13നാണ് ജാമ്യത്തിലിറങ്ങിയത്.

ആളൂർ, ഇരിങ്ങാലക്കുട, കൊരട്ടി, കൊടുങ്ങല്ലൂർ, എറണാകുളം ഇൻഫോപാർക്ക്, എളമക്കര, ചേരാനെല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി മാല കവർച്ചക്കും മോട്ടോർ സൈക്കിൾ മോഷ്ടിച്ചതിനുമായി 17 ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോഷൻ.

ബുധനാഴ്ച വൈകീട്ട് മൂന്നോടെ ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്തെത്തിയ പ്രതികൾ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശിനിയായ വയോധികയുടെ ഒരു പവൻ വരുന്ന സ്വർണമാല പൊട്ടിച്ചോടി ബുള്ളറ്റിൽ രക്ഷപ്പെട്ടു. 10 മിനിറ്റിനുള്ളിൽ ഇരിങ്ങാലക്കുട ക്രിസ്റ്റ്യൻ പള്ളിയുടെ മുന്നിലുള്ള റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കാറളം വെള്ളാനി സ്വദേശിനിയുടെ മൂന്നു പവൻ മാലയും പൊട്ടിച്ചു.

സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കുന്നവരെയും മാല മോഷ്ടാക്കളെയും അടുത്തകാലത്ത് ജയിൽമോചിതരായ കുറ്റവാളികളെയും സംബന്ധിച്ച് അന്വേഷണം നടത്തിയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

വ്യാഴാഴ്ച രാത്രി അന്വേഷണസംഘം ചേരാനെല്ലൂരിലെ റോഷന്റെ വീട്ടിലെത്തുകയായിരുന്നു. റോഷന്റെ വീട്ടിൽ നിന്ന് കവർച്ചക്ക് ഉപയോഗിച്ച ബുള്ളറ്റ് മോട്ടോർ സൈക്കിളും മൂന്നു പവൻ സ്വർണമാല വിറ്റ് ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് വാച്ചുകളും പുതിയ മൊബൈൽ ഫോണും പണവും കസ്റ്റഡിയിലെടുത്തു. മാല വരാപ്പുഴയിലെ സ്വർണക്കടയിൽനിന്ന് കണ്ടെടുത്തു.

ഇടപ്പള്ളി പാലത്തിന് താഴെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് പറവൂർ വഴികുളങ്ങര പമ്പിൽനിന്ന് പെട്രോളടിച്ച് പണം നൽകാതെ പോവുകയും തുടർന്ന് വ്യാജ നമ്പർ ​പ്ലേറ്റ് വെച്ചാണ് സുഹൃത്ത് ശരത്തിനെയും കൂട്ടി ഇയാൾ മാല പൊട്ടിക്കാൻ ഇറങ്ങിയത്.

റോഷനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി വരാപ്പുഴയിൽ നിന്നാണ് ശരത്തിനെ പിടികൂടിയത്. ആദ്യം കവർച്ച ചെയ്ത മാല ശരത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തു. പണയംവെച്ച ലോക്കറ്റ് വരാപ്പുഴയിൽനിന്ന് കണ്ടെടുത്തു. ശരത്തിനെ കോടതിയില്‍ ഹാജരാക്കി. മുനമ്പം, വരാപ്പുഴ പൊലീസ് സ്റ്റേഷനുകളിലായി ആറു ക്രിമിനൽ കേസുകളിലെ പ്രതിയാണ്‌ ശരത്.

റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്​പെക്ടർ എം.എസ്. ഷാജൻ, എസ്.ഐമാരായ ദിനേഷ് കുമാർ, പി. ജയകൃഷ്ണൻ, സതീശൻ, എ.എസ്.ഐമാരായ സൂരജ് വി. ദേവ്, കെ.വി. ഉമേഷ്, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, എം.ആർ. രഞ്ജിത്ത്, ജോവിൻ ജോയ്, എം.എസ്. സുജിത്ത്, കമൽ കൃഷ്ണ, എൻ.ആർ. രജീഷ്, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, കെ.ജെ. ഷിന്റോ, ഇ.ജി. ജിജിൽ കുമാർ, സവീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
TAGS:theft Arrest Angamaly News 
News Summary - Two people arrested for breaking a chain on a bike in Angamaly
Next Story