ഓട്ടോയിൽ കയറിയ വീട്ടമ്മയെ പെപ്പർ സ്പ്രേ അടിച്ച് മാലപൊട്ടിക്കാൻ ശ്രമം; ഡ്രൈവർ അടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ഓട്ടോയിൽ കയറിയ വീട്ടമ്മയെ പെപ്പർ സ്പ്രേ അടിച്ച് മാലപൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവർ അടക്കം രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അരുവിക്കര സ്വദേശികളായ ഓട്ടോ ഡ്രൈവർ അൽ അസർ (35), നൗഷാദ് (31) എന്നിവരാണ് പിടിയിലായത്. മുണ്ടേല സ്വദേശിയായ സുലോചനയുടെ സ്വർണമാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.
നെടുമങ്ങാട്ടേക്ക് പോകാനായി വാഹനം കാത്തുനിൽക്കുകയായിരുന്ന സുലോചനയുടെ അടുത്തേക്ക് ഓട്ടോയുമായി അസറും നൗഷാദും എത്തുകയായിരുന്നു. സുലോചനയുടെ വീടിന്‍റെ ഭാഗത്തേക്കാണ് പോകുന്നതെന്ന് ഇവർ അറിയിച്ചതോടെ ഓട്ടോയിൽ കയറി.
ഓട്ടോ കൊക്കോതമംഗലം ഭാഗത്ത് എത്തിയപ്പോൾ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചത്. തുടർന്ന് മാല പൊട്ടിക്കാൻ ശ്രമം നടത്തിയതോടെ സുലോചന നിലവിളിച്ചു.
നാട്ടുകാർ ഓടിയെത്തിയപ്പോൾ ഓട്ടോ ഡ്രൈവർ അസർ ഓടി രക്ഷപ്പെട്ടു. എന്നാൽ നൗഷാദ് പിടിയിലായി. അസറിനെ പിന്നീട് അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


