ഒരാൾക്കെതിരെ 160 കേസ്, കൂട്ടാളിക്കെതിരെ 30 കേസ്; ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷ്ടിച്ചപ്പോൾ പിടിയിലായി; സി.സി.ടി.വിയുടെ ഡി.വി.ആർ എന്ന് കരുതി കട്ടത് ഇൻവർട്ടർ
text_fieldsമോഷണക്കേസുകളില്‍ അറസ്റ്റിലായ ജോയ്, തുളസീധരന്‍
വെഞ്ഞാറമൂട്: 160ഉം 30ഉം മോഷണക്കേസുകളിൽ പ്രതികളായ രണ്ട് പേര്‍ വെഞ്ഞാറമൂട് പൊലീസിന്റെ പിടിയിലായി. കോട്ടയം പൂവരണി വീട്ടില്‍ പൂവരിണി ജോയ് എന്നിറിയപ്പെടുന്ന ജോയ്(57), അടൂര്‍ പറക്കോട് കല്ലിക്കോട് പടിഞ്ഞാറ്റതില്‍ വീട്ടില്‍ തുളസീധരന്‍(48) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 14ന് കളമച്ചല്‍ പാച്ചുവിളാകം ക്ഷേത്രത്തില്‍ നിന്നും ദേവിക്ക് ചാര്‍ത്തുന്ന പൊട്ടുകളും വളകളും താലിയും, സി.സി.സി.ടി.വി ഉള്ള ക്ഷേത്രത്തില്‍ നിന്നും ഡി.വി.ആര്‍ എന്ന് തെറ്റിദ്ധരിച്ച് ഇന്‍വര്‍ട്ടറും മോഷണം ചെയ്ത കേസിലും 18ന് വേറ്റൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും കുത്തിത്തുറന്ന് 3,500 രൂപയും കവര്‍ന്ന കേസുകളിലെ അന്വേഷണത്തിനിടെയാണ് ഇരുവരും പിടിയിലായത്.
പ്രതികളെ സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. കേസുകളിലെ ഒന്നാം പ്രതി ജോയ് കേരളത്തിലെ എല്ലാ ജില്ലകളിലും ആയി 160 കേസുകളിലും രണ്ടാം പ്രതി പത്തനം തിട്ട കൊല്ലം തിരുവനന്തപുരം ജില്ലകളിലായി 30ല്‍ പരം കേസുകളിലെയും പ്രതികളാണ്. വേറ്റൂര്‍ ക്ഷേത്രത്തിലെ മോഷണം കഴിഞ്ഞ് വെഞ്ഞാറമൂട് പാറയില്‍ ആയിരവില്ലി ക്ഷേത്രത്തിലെത്തി കാണിക്കവഞ്ചി തകര്‍ത്ത ശേഷം പുലര്‍ച്ചെ രണ്ടര മണിയോടെ കാരേറ്റ് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെത്തി അവിടെ നിന്നും 12,000 രൂപ കവര്‍ന്നു.
കഴിഞ്ഞ ഒരു മാസക്കാലമായി കിളിമാനൂര്‍ അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടത്ത് വീട് വാടകക്ക് എടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഭാഗങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി മോഷണം നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഒരു വര്‍ഷത്ത ജയില്‍ ശിക്ഷ കഴിഞ്ഞ ജോയി പാലക്കാട് ജയിലില്‍ നിന്നിറങ്ങിയത്. മേയില്‍ കൊട്ടാരക്കര ജയിലില്‍ നിന്നും തുളസീധരനും പുറത്തിറങ്ങി.
കാരേറ്റ്, വേറ്റൂര്‍ ക്ഷേത്രങ്ങളിലെ മോഷണ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ നിന്നും ലഭിച്ചതും സമീപ കാലത്തായി ജയില്‍ മോചിതരായവരെ കുറിച്ചും നടത്തിയ അനേഷണത്തില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് തുളസീധരനെ കിളിമാനൂരില്‍ നിന്നും ഇയാളുടെ ഫോണില്‍ നിന്ന് ജോയിയെ വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻഡില്‍ എത്തിച്ച ശേഷം ഇവിടെ നിന്നും പിടികൂടുകയായിരുന്നു.
തിരുവനന്തപുരം ജില്ല പോലീസ് മേധാവി സുദര്‍ശനന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. മഞ്ചുലാലിന്റെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് എസ്.എച്ച്.ഒ. ആസാദ് അബ്ദുല്‍ കലാം, എസ്.ഐ.മാരായ ഷാന്‍, സജിത്ത്, സീനിയര്‍ സിവിള്‍ പോലീസ് ഓഫീസര്‍മാരായ അജി, പ്രസാദ്, സിയാസ്, ശ്രീകാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.


