രണ്ടു വയസ്സുകാരന്‍റെ മുഖം തെരുവുനായ് കടിച്ചുകീറി; കണ്ണിലും കഴുത്തിലും തലയിലും മാരകമായി കടിയേറ്റു
text_fieldsകൊട്ടാരക്കര: രണ്ടു വയസ്സുകാരന്‍റെ മുഖം തെരുവുനായ് കടിച്ചുകീറി. കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഏരൂരിൽ പത്തടി കൊച്ചുവിള വീട്ടിൽ ഷൈൻഷാ-അരുണിമ ദമ്പതികളുടെ മകൻ ആദമിനാണ് പരിക്കേറ്റത്.
ബന്ധുവായ കളപ്പില കുളത്തൂരഴികത്ത് വീട്ടിൽ അനിലിന്‍റെ വീടിന് പുറത്തുവെച്ചാണ് നായ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം പകൽ സമയത്താണ് സംഭവം. നിലവിളി കേട്ടെത്തിയ മാതാവ് അരുണിമ മകനെ തെരുവുനായിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാർ സ്ഥലത്തെത്തി നായെ തുരത്തുകയായിരുന്നു.
കണ്ണിലും കഴുത്തിലും തലയിലും മാരകമായി കടിയേറ്റ കുട്ടിയെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ, തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റി. വലതു കണ്ണിനോട് ചേർന്ന എല്ലിന് രണ്ടു പൊട്ടലുണ്ട്. കണ്ണിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ കളപ്പിലയിലെ ബന്ധുവീട്ടിലെത്തിയത്.