കാർ കുളത്തിൽ വീണ് പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു
text_fieldsമരിച്ച ജയകൃഷ്ണൻ, ഐബി പി. രഞ്ജി
തിരുവല്ല: തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മുത്തൂർ ചാലക്കുഴി ഇലഞ്ഞിമൂട്ടിൽ വീട്ടിൽ രഞ്ജിയുടെ മകൻ ഐബി പി. രഞ്ജി (20) ആണ് മരിച്ചത്. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെ പത്തരയോടെയാണ് മരണം. അപകടത്തിൽ തിരുവല്ല കാരയ്ക്കൽ സ്വാമിപാലം ശ്രീവിലാസത്തിൽ അനിൽകുമാറിന്റെ മകൻ ജയകൃഷ്ണൻ (22) സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാത്രി 11:30 യോടെ ആയിരുന്നു അപകടം. വൈദ്യുത പോസ്റ്റിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കുളത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. നിസാര പരിക്കേറ്റ തിരുവല്ല മുത്തൂർ സ്വദേശി അനന്തു (21) പ്രാഥമിക ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് മൂവരെയും പുറത്തെടുത്തത്.