വലിച്ചിറക്കി നിലത്തിട്ട് ചവിട്ടി: കണ്ണൂരിൽ യു.ഡി.എഫ് സ്ഥാനാർഥിക്കും ഏജന്റിനും ക്രൂരമർദനം
text_fieldsമർദനത്തിന്റെ സിസി ടി.വി ദൃശ്യം
കണ്ണൂർ: മമ്പറത്ത് യു.ഡി.എഫ് പോളിങ് ഏജന്റിനെ ജനസേവന കേന്ദ്രത്തിൽ കയറി ക്രൂരമായി മർദിച്ചു. വേങ്ങാട് പഞ്ചായത്ത് 16ാം വാർഡ് യു.ഡി.എഫ് പോളിങ് ഏജന്റ് നരേന്ദ്ര ബാബുവിനാണ് (61) മർദനം. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ മമ്പറം ടൗണിൽ വെച്ചാണ് ആക്രമണം. മുഖംമൂടി ധരിച്ചവരുൾപ്പെടെ അഞ്ചോളം പേരാണ് നരേന്ദ്ര ബാബുവിന്റെ ജനസേവന കേന്ദ്രത്തിലേക്കെത്തിയത്. കസേരയിൽ ഇരിക്കുകയായിരുന്ന നരേന്ദ്ര ബാബുവിനെ വലിച്ചിറക്കി നിലത്തിട്ട് മർദിക്കുകയായിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടറും മറ്റു സാധനങ്ങളും എറിഞ്ഞ് തകർത്തു.
വേങ്ങാട് പഞ്ചായത്തിലെ പതിനാറാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ടി. ഷീനയെയും ആക്രമിച്ചു. വ്യാഴാഴ്ച പോളിങ് ബൂത്തിൽ വെച്ച് തർക്കമുണ്ടാകുകയും യു.ഡി.എഫ് ബൂത്ത് ഏജന്റിന് മർദനമേൽക്കുകയുംചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ സന്ദർശിച്ചശേഷം നരേന്ദ്ര ബാബു ജനസേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു മർദനം.
മറ്റു രണ്ട് സ്ത്രീകൾ സ്ഥാപനത്തിലുണ്ടായിരുന്നു. ഇവർ നിലവിളിച്ചതോടെ ആളുകൾ കൂടുകയും അക്രമികൾ രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലാണ് ആക്രമണം നടന്നത്. സംഘർഷം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമുണ്ട്.


