യു.ഡി.എഫ് ആധിപത്യം; സി.പി.എം പൂജ്യം
text_fieldsകാസർകോട്: ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ നാലും തൂത്തുവാരി യു.ഡി.എഫ്. 75 വർഷമായി ഇടതുകോട്ടയായി നിലകൊണ്ട തൃക്കരിപ്പൂർ, 39 വർഷമായി വിജയിച്ചുവരുന്ന ഉദുമ എന്നീ മണ്ഡലങ്ങളിൽ വൻഅട്ടിമറി നടത്തിയാണ് യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചത്. ഉദുമയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, സിറ്റിങ് എം.എൽ.എ സി.എച്ച്. കുഞ്ഞമ്പുവിനെ തോൽപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. നീലകണ്ഠനും തൃക്കരിപ്പൂരിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫയെ തോൽപിച്ച് സന്ദീപ് വാര്യരും വിജയിച്ചത് അപ്രതീക്ഷിതമായി. ഏഴുപതിറ്റാണ്ടിന് ശേഷമാണ് അട്ടിമറിയിലൂടെ യു.ഡി.എഫ് തൃക്കരിപ്പൂർ പിടിച്ചെടുക്കുന്നത്.
ചരിത്രത്തിൽ എന്നും ഇടതുകോട്ടയായ കാസർകോട് ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ, നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും സി.പി.എമ്മിനുണ്ടായ തോൽവി ഞെട്ടിക്കുന്നതായി. മുന്നുപതിറ്റാണ്ടുകൾക്കുശേഷം ജില്ലയിൽ രണ്ട് എം.എൽ.എമാരെ വിജയിപ്പിച്ചു കോൺഗ്രസ് വൻതിരിച്ചുവരവും നടത്തി. എൽ.ഡി.എഫിന് ആശ്വസിക്കാൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മത്സരിച്ച സി.പി.ഐയിലെ ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ വിജയമാണ്.
മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ കെ. സുരേന്ദ്രനെ ബഹുദൂരം പിന്നിലാക്കി 33,364 വോട്ടിന് എ.കെ.എം. അഷ്റഫിന്റെ വിജയവും കാസർകോട് 15,000 വോട്ടിനു വിജയിക്കുമെന്ന് അവകാശപ്പെട്ട യു.ഡി.എഫ് 23,000 വോട്ടിനുമുകളിൽ ഭൂരിപക്ഷത്തിന് ജയിച്ചതും ജില്ലയിൽ ബി.ജെ.പിയെ തൂത്തെറിഞ്ഞതിന് തുല്യമായി.


