പി.എ. മുഹമ്മദ് റിയാസിന് 4.83 ലക്ഷം രൂപയുടെ നിക്ഷേപവും 34.96 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തും
text_fieldsകോഴിക്കോട്: സ്ഥാനാർഥികളുടെ സ്വത്ത് വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം പുറത്തുവന്നു. ബേപ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന് 4.83 ലക്ഷം രൂപയുടെ നിക്ഷേപവും 34.96 ലക്ഷം രൂപയുടെ സ്ഥാവര സ്വത്തുമുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. റിയാസിന്റെ ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണക്ക് 65 ലക്ഷം രൂപ വിലവരുന്ന 464 ഗ്രാം സ്വർണവും എക്സാലോജിക്കിലെ ഒരു ലക്ഷം രൂപയുടെ ഓഹരിയും കിയാലിലെ 5 ലക്ഷം രൂപയുടെ ഓഹരിയും ലെയ്ക്കർ കമ്പനിയുടെ 10.94 ലക്ഷം രൂപയുടെ ഓഹരിയടക്കം ആകെ 86.10 ലക്ഷം രൂപയുടെ ജംഗമ സ്വത്തുകളും 1.04 കോടിയുടെ സ്ഥാവര സ്വത്തുകളുമുണ്ട്.
കോഴിക്കോട് നോർത്ത് എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിന് ബാങ്ക്. ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും സ്വർണവുമടക്കം 7.33 കോടിയുടെ ജംഗമ സ്വത്തുണ്ട്. ഭർത്താവ് ഷോബിൻ ശ്യാമിന് 56.24 ലക്ഷം രൂപയുടെ സ്വത്തും 10 ലക്ഷം രൂപയുടെ കൃഷിഭൂമിയും സ്വന്തമായുണ്ട്. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ജയന്തിന് നിക്ഷേപങ്ങളും സ്വർണാഭരണങ്ങളുമായി 34.07 ലക്ഷവും ഭാര്യ ആര്യക്ക് 75.49 ലക്ഷത്തിന്റെ സ്വത്തും ഇരുവർക്കുമായി 33 ലക്ഷം രൂപ വിലയുള്ള ഭൂമിയും സ്വന്തമായുണ്ട്.
എലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വിദ്യാ ബാലകൃഷ്ണന് 28.70 ലക്ഷത്തിന്റെ ജംഗമസ്വത്തുകളും ഭർത്താവ് വി.പി. ബവീഷിന്റേത് 27.71 ലക്ഷത്തിന്റെ സ്വത്തുമുണ്ട്. കുന്ദമംഗലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന് നിക്ഷേമങ്ങളും മറ്റുമായി 50.36 ലക്ഷവും ഭാര്യ സുബൈദക്ക് 11.13 ലക്ഷം രൂപയുമാണുള്ളത്.
ബാലുശേരി എൽ.ഡി.എഫ് സ്ഥാനാർഥി കെ.എം. സച്ചിൻദേവ് എം.എൽ.എക്ക് നിക്ഷേപങ്ങളും മറ്റുമായി 38.87 ലക്ഷവും ഭാര്യയും മുൻ തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രന് 27.60 ലക്ഷം രൂപയുമാണുള്ളത്. ഇതേ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി വി.ടി. സൂരജിന്റെ കൈയിൽ 6300 രൂപയും ബാങ്കിൽ 1700 രൂപയുമാണുള്ളത്. ബൈക്കിന്റെ വിലയടക്കം ആകെ ജംഗമ സ്വത്ത് 25,200 രൂപയുമാണുള്ളത്.


