എൻ.എസ്.എസ് നിലപാട്; അമ്പരപ്പിലും കരുതലോടെ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: അയ്യപ്പ സംഗമം മുൻനിർത്തി സമദൂരം വിട്ട് സർക്കാറിനെ പിന്തുണച്ച എൻ.എസ്.എസ് നിലപാട് അമ്പരപ്പിക്കുമ്പോഴും കരുതലോടെ യു.ഡി.എഫ്. എൻ.എസ്.എസ് അടക്കം സമുദായ സംഘടനകൾ അയ്യപ്പ സംഗമത്തെ പിന്തുണച്ചതിനാലാണ് ബഹിഷ്കരണമെന്ന കടുത്ത ലൈൻ വിട്ട് ‘ചോദ്യങ്ങൾക്ക് ഉത്തരമില്ലെങ്കിൽ പങ്കെടുക്കില്ലെന്ന’ തന്ത്രപരമായ നിലപാടിലേക്ക് യു.ഡി.എഫ് മാറിയത്. യുവതി പ്രവേശനത്തെ ന്യായീകരിച്ച് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുമോയെന്നും നാമജപ ഘോഷയാത്രയുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കാൻ തയാറുണ്ടോ എന്നതുമടക്കം മുമ്പ് എൻ.എസ്.എസ് ഉന്നയിച്ച ചോദ്യങ്ങളായിരുന്നു യു.ഡി.എഫ് ആവർത്തിച്ചത്. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇപ്പോഴും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല.
ശബരിമല യുവതി പ്രവേശനവുമായി സർക്കാർ മുന്നോട്ടുപോയ ഘട്ടത്തിൽ വിശ്വാസ സംരക്ഷണത്തിനായി എൻ.എസ്.എസിനൊപ്പം കോൺഗ്രസ് സമരമുഖത്തുണ്ടായിരുന്നു. പുനഃപരിശോധന ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ, അന്തിമവിധി വരുന്നതുവരെ സ്ത്രീ പ്രവേശനമില്ലെന്ന നിയമപരമായ നിലപാടിനപ്പുറം സി.പി.എമ്മോ സർക്കാറോ ഇതുവരെ നിലപാട് മാറ്റിയതായി പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടും ഈ സാഹചര്യത്തിലെ എൻ.എസ്.എസ് നിലപാടാണ് യു.ഡി.എഫിനെ ഞെട്ടിക്കുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ വിശേഷിച്ചും. അയ്യപ്പ സംഗമത്തിനപ്പുറമുള്ള സി.പി.എം നയതന്ത്ര ഇടപെടലാണ് സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിന് കാരണമെന്ന വിലയിരുത്തലും കോൺഗ്രസിനുള്ളിലുണ്ട്.
ഈ ഘട്ടത്തിൽ എൻ.എസ്.എസിനെ പിണക്കുന്നതിന് പകരം യുവതി പ്രവേശന വിഷയത്തിലെ സത്യവാങ്മൂലം വീണ്ടും ചർച്ചയാക്കി സർക്കാറിനെ കുരുക്കാനാണ് യു.ഡി.എഫ് ശ്രമം. ഇപ്പോൾ മിണ്ടുന്നില്ലെങ്കിലും പുരോഗമന നിലപാടിന്റെ പേരിൽ അന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളാനോ കൊള്ളാനോ കഴിയാത്ത വിധം സി.പി.എമ്മിനെ ഉത്തരംമുട്ടിക്കുന്നതാണെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
അയ്യപ്പ സംഗമം പരാജയമെന്ന് യു.ഡി.എഫ് ആവർത്തിക്കുമ്പോഴും എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും ഒപ്പം നിർത്താൻ സർക്കാറിന് സാധിച്ചുവെന്നത് രാഷ്ട്രീയ വിജയമാണെന്നത് യു.ഡി.എഫിനെ അസ്വസ്ഥമാക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ ഇരുകൂട്ടരും രണ്ട് ചേരിയിലായിരുന്നതിനാൽ വിശേഷിച്ചും. സ്പീക്കർ എ.എൻ. ഷംസീർ ഗണപതിയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഏറ്റുമുട്ടിയതൊഴിച്ചാൽ സമീപകാലത്ത് എൻ.എസ്.എസും സി.പി.എമ്മും കൊമ്പുകോർത്തിട്ടുമില്ല.


