എൻ.എസ്.എസിനെ പിണക്കാതെ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: അയ്യപ്പ സംഗമ നിലപാടിന്റെ പേരിൽ എൻ.എസ്.എസിനെ പിണക്കാതെ, ശബരിമലയിലെ ആചാരലംഘനത്തിന് ഒത്താശ ചെയ്തതടക്കം സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വീണ്ടും ചർച്ചയാക്കാൻ യു.ഡി.എഫ്. വിഷയത്തിൽ പ്രതികരിച്ച നേതാക്കളാരും എൻ.എസ്.എസിന് മറുപടി പറഞ്ഞിട്ടില്ല.
ആചാരലംഘനവും യുവതി പ്രവേശനവും ചൂണ്ടിക്കാട്ടി സർക്കാറിനെ കടന്നാക്രമിക്കാനും യുവതി പ്രവേശനത്തിനെതിരെ തങ്ങളാണ് സമരമുഖത്ത് ഉണ്ടായിരുന്നതെന്ന് ആവർത്തിക്കാനുമാണ് ശ്രമിച്ചത്. പ്രകോപനത്തിന് പകരം അനുനയ നീക്കത്തിനാണ് ശ്രമം. അയ്യപ്പ സംഗമത്തിലെ എൻ.എസ്.എസ് നിലപാട് യു.ഡി.എഫിനെ ആശങ്കയിലാക്കി എന്നതിൽ വസ്തുതയുണ്ട്.
എൻ.എസ്.എസിന് രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്ന ഘട്ടത്തിൽ അവർ കോൺഗ്രസ് മുന്നണിയിലായിരുന്നു. പിന്നീട് രാഷ്ട്രീയ പാർട്ടി അവസാനിപ്പിച്ച്, തത്വത്തിൽ സമദൂരത്തിലേക്ക് നിലപാട് മാറ്റിയപ്പോഴും ഫലത്തിൽ കോൺഗ്രസിന് അനുകൂലമായിരുന്നു കാര്യങ്ങൾ. ഏറ്റവും ഒടുവിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ ഇറങ്ങവെ ‘ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു, സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകും’ എന്നുവരെ സുകുമാരൻ നായർ പറഞ്ഞതാണ്.
എൻ.എസ്.എസ് നിർദേശിക്കുന്നവർക്ക് കോൺഗ്രസ് സീറ്റും മന്ത്രിപദവിയും നൽകുന്നതും പരസ്യമായ രഹസ്യമായിരുന്നു. ശബരിമലയിൽ വിശ്വാസികളെ വേദനിപ്പിച്ച് പൊലീസ് സംരക്ഷണത്തിൽ യുവതികളെ പ്രവേശിപ്പിച്ചവരാണ് സർക്കാറും സി.പി.എമ്മും എന്നത് കോൺഗ്രസ് നേതാക്കളെല്ലാം ആവർത്തിക്കുന്നത് സി.പി.എമ്മിനൊപ്പം എൻ.എസ്.എസിനുമുള്ള ഓർമപ്പെടുത്തലാണ്.
സി.പി.എം നിലപാടിലെ പൊള്ളത്തരം മുൻനിർത്തി ശബരിമല വിഷയത്തിൽ തങ്ങളുടെ സമീപനമാണ് രാഷ്ട്രീയ ശരി എന്ന് സ്ഥാപിക്കാനാണ് യു.ഡി.എഫ് ശ്രമം. സമുദായ സംഘടനകൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ഒരിക്കലും തങ്ങൾ എതിർക്കില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. അയ്യപ്പ സംഗമത്തിൽ എൻ.എസ്.എസ് അടക്കം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചപ്പോഴും ഇതേ സമീപനമായിരുന്നു കോൺഗ്രസിന്.
സംഗമത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള യു.ഡി.എഫ് തീരുമാനം രാഷ്ട്രീയമായി ശരിയാണ് എന്നതിൽ ഉറച്ചുനിൽക്കാനാണ് ധാരണ. ഇക്കാര്യം എൻ.എസ്.എസിനെ ബോധ്യപ്പെടുത്തും. ആവശ്യമെങ്കിൽ എൻ.എസ്.എസുമായി ദേശീയ നേതൃത്വം കൂടിക്കാഴ്ചക്കും തയാറാകും. അയ്യപ്പ സംഗമത്തിനപ്പുറം സമദൂരം എന്ന രാഷ്ട്രീയ നിലപാട് എൻ.എസ്.എസ് കൈവിട്ടിട്ടില്ല എന്നാണ് കോൺഗ്രസ് സമാശ്വസിക്കുന്നത്.


