എൻ.എസ്.എസ് നിലപാടറിയണം; സ്വർണപ്പാളിയിൽ സർക്കാറിനെ കുരുക്കാൻ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയ നേട്ടത്തിൽ ആശ്വാസമർപ്പിച്ച് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സി.പി.എമ്മിനെ ശബരിമല സ്വർണപ്പാളിയിൽ കുരുക്കാനും അതേ നാണയത്തിൽ തിരിച്ചടിക്കാനും കോപ്പുകൂട്ടി യു.ഡി.എഫ്. ശബരിമല വികസനത്തിനായി ഒന്നും ചെയ്യാതെ ഭരണത്തിന്റെ അവസാന വർഷം സംഗമം നടത്തിയത് രാഷ്ട്രീയ തട്ടിപ്പാണെന്ന് തുടക്കം മുതൽ പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ശരിവെക്കും വിധത്തിൽ സർക്കാറിന്റെയും ദേവസ്വം ബോർഡിന്റെയും പിടിപ്പുകേടുകൾ വെളിപ്പെടുത്തുന്ന വിവരങ്ങളാണ് നിരന്തരം പുറത്തുവരുന്നത്.
നിജസ്ഥിതി പുറത്തെത്തിക്കാൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമ്പോഴും മറുഭാഗത്ത് സർക്കാറിനെ പിന്തുണച്ച സമുദായ സംഘടനകളെ കൂടിയാണ് പ്രതിപക്ഷം ഉന്നം വെക്കുന്നത്. അയ്യപ്പ സംഗമത്തിന്റെ പേരിൽ ‘സമദൂരത്തിനുള്ളിലെ ശരിദൂരം’ പറഞ്ഞ് സർക്കാറിനെ പിന്തുണക്കുകയായിരുന്നു എൻ.എസ്.എസ്. അതിൽ തന്നെ കരയോഗങ്ങളിൽ അതൃപ്തി പുകയുകയും പ്രതിഷേധം പരസ്യമാവുകയും ചെയ്തതാണ്. എന്നാൽ, വിശ്വാസികളെ ഏറെ വേദനിപ്പിക്കും വിധമുള്ള പുതിയ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ഇതിനെയെല്ലാം ശരിദൂരം പറഞ്ഞ് ന്യായീകരിക്കാൻ എൻ.എസ്.എസ് തയാറാവില്ലെന്നാണ് കോൺഗ്രസ് കരുതുന്നത്.
അയ്യപ്പ സംഗമത്തിലെ പിന്തുണയുടെ പേരിൽ എൻ.എസ്.എസിലുയർന്ന പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കുന്നില്ലെങ്കിലും നിലവിലെ വിവാദത്തിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ മറുത്തു പറയുന്നതോ നിലപാടിൽനിന്ന് പിന്നാക്കം പോകുന്നതോ സി.പി.എമ്മിന് കനത്ത പ്രഹരമാണ്. ശബരിമലയിലെ വിശ്വാസ കാര്യത്തിലടക്കം കടുത്ത നിലപാട് സ്വീകരിക്കുന്ന എൻ.എസ്.എസ്, സമദൂരം കൂടി ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കണ്ണടച്ച് സർക്കാറിനെ ന്യായീകരിക്കാൻ തയാറാവില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ സർക്കാറിനെ പ്രതിരോധത്തിലാക്കും വിധത്തിൽ വിഷയം സജീവമാക്കി നിലനിർത്താനാണ് കോൺഗ്രസ് ശ്രമം. ഇടവേളക്ക് ശേഷം തിങ്കളാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെ സഭയിലും വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. പതിവ് വിട്ട്, അടിയന്തര പ്രമേയങ്ങൾക്ക് തുടർച്ചയായി അനുമതി നൽകുന്ന പശ്ചാത്തലത്തിൽ സ്വർണപ്പാളി വിവാദം ചർച്ച ചെയ്യാൻ ഭരണപക്ഷം തയാറാകുമോ എന്നാണ് കണ്ടറിയേണ്ടത്. അനുമതി നിഷേധിച്ചാൽ സർക്കാറിന് ഉത്തരമില്ലെന്ന് സ്ഥാപിച്ച് ആരോപണങ്ങൾ കനപ്പിക്കാമെന്നതാണ് പ്രതിപക്ഷ തന്ത്രം. ചർച്ച ചെയ്യാൻ തയാറാകുന്ന പക്ഷം ഇതുവരെ പുറത്തുവന്ന ക്രമക്കേടുകൾ സഭയിലുന്നയിച്ച് ഭരണപക്ഷത്തെ ഉത്തരംമുട്ടിക്കാമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടുമില്ല.


