ശബരിമല യുവതി പ്രവേശനം: സത്യവാങ്മൂലത്തിൽ സർക്കാറിന് യു.ഡി.എഫിന്റെ ചെക്ക്
text_fieldsതിരുവനന്തപുരം: അയ്യപ്പ സംഗമത്തിലേക്ക് ക്ഷണക്കത്തുമായി നിൽക്കുന്ന സർക്കാറിനെ ശബരിമല യുവതി പ്രവേശന വിഷയത്തിലെ സത്യവാങ്മൂലം ചൂണ്ടി ചോദ്യമുനയിലാക്കി യു.ഡി.എഫിന്റെ ചെക്ക്. യുവതി പ്രവേശനത്തെ അനുകൂലിച്ച് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന പ്രതിപക്ഷ ചോദ്യം സർക്കാറിനെ കാര്യമായി പൊള്ളിക്കാൻ പോന്നതാണ്. ചർച്ചകൾ അയ്യപ്പ സംഗമത്തിൽ നിന്ന് സത്യവാങ്മൂലത്തിലേക്ക് വഴിമാറുന്നതോടെ ആചാരലംഘനമടക്കം സി.പി.എം മറക്കാൻ ശ്രമിക്കുന്ന കറുത്ത ഓർമകളിലേക്കാണ് പ്രതിപക്ഷം പൊതുസമൂഹത്തെ വിളിച്ചുണർത്തുന്നത്.
പുരോഗമന നിലപാടിന്റെ പേരിൽ അന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സർക്കാറിനെ സംബന്ധിച്ച് ഇറക്കാനോ തുപ്പാനോ കഴിയാത്ത വിധം കുരുക്കിലാക്കിയിട്ടുണ്ടെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ സത്യവാങ്മൂലത്തെ കുറിച്ച ഏത് ചർച്ചയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും.
ഇക്കാര്യം തിരിച്ചറിഞ്ഞാണ് സംഗമത്തിലെ തങ്ങളുടെ പങ്കാളിത്തത്തിനപ്പുറം സി.പി.എമ്മിനെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഒരു മുഴം മുന്നേ യു.ഡി.എഫ് എറിഞ്ഞത്. വനിത മതിൽ മുതൽ നവോത്ഥാന സമിതി വരെയുള്ള സർക്കാർ നീക്കങ്ങളെ തള്ളിപ്പറയാതെ സി.പി.എമ്മിന് സത്യവാങ്മൂല വിഷയത്തിൽ നിലപാട് പറയാനാകില്ല. മറുഭാഗത്ത് പുരോഗമന സർക്കാർ എന്ന നിലയിൽ ഇതുവരെ കൈക്കൊണ്ട നിലപാടിൽനിന്ന് പിറകോട്ട് പോയാൽ വലിയ വില നൽകേണ്ടി വരുമെന്ന് കെ.പി.എം.എസ് അടക്കം സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഗമത്തെ പിന്തുണക്കുന്നതിനൊപ്പം ഇതിനോടകം നൽകിയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കണമെന്നാണ് കെ.പി.എം.എസ് നിലപാട്. ഫലത്തിൽ അയ്യപ്പ സംഗമവുമായി രംഗത്തിറങ്ങിയ ഘട്ടത്തിൽ പഴയ സത്യവാങ്മൂലത്തെ തള്ളാനോ കൊള്ളാനോ കഴിയാത്ത സങ്കീർണാവസ്ഥയിലാണ് സർക്കാർ. സി.പി.എമ്മും സർക്കാറും ഇപ്പാൾ എത്തിനിൽക്കുന്ന ഈ രാഷ്ട്രീയ നിസ്സഹായാവസ്ഥയാണ് യു.ഡി.എഫ് ഉന്നംവെക്കുന്നതും.
ഇത്തരമൊരു ഉത്തരംമുട്ടൽ ഘട്ടത്തിൽ അയ്യപ്പ സംഗമവുമായി സർക്കാർ മുന്നോട്ടുപോയാലും സി.പി.എമ്മിനെക്കാൾ നേട്ടം തങ്ങൾക്കാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. എൻ.എസ്.എസ് അടക്കം സാമുദായിക സംഘടനകൾ സംഗമത്തിന് പിന്തുണ കൊടുക്കുന്ന ഘട്ടത്തിൽ ബഹിഷ്കരണം പ്രഖ്യാപിച്ച് വിവാദത്തിലേക്ക് കടക്കേണ്ടെന്ന കുറച്ചുകൂടി പ്രായോഗിക സമീപനമാണ് പ്രതിപക്ഷത്തിന്. പങ്കാളിത്തത്തെക്കുറിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതിരുന്ന പ്രതിപക്ഷ നേതാവ് അവിടെ നടക്കുന്നത് രാഷ്ട്രീയ സമ്മേളനമല്ലല്ലോ എന്ന ഒഴുക്കൻ മറുപടിയിലൂടെ പറഞ്ഞുവെക്കുന്നതും കൃത്യമായ രാഷ്ട്രീയ സൂചന.