ഉദുമ മുന്‍ എം.എല്‍.എ പി. രാഘവന്‍ നിര്യാതനായി
text_fieldsകാസർകോട്: ഉദുമ മുന്‍ എം.എൽ.എയും സി.പി.എം നേതാവും സഹകാരിയുമായ പി. രാഘവൻ (77) നിര്യാതനായി. 1991ലും1996ലും ഉദുമയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന്റെ കൈവശമായിരുന്ന ഉദുമ സീറ്റ് ഇടത്തോട്ടു തിരിഞ്ഞത് രാഘവന്റെ വിജയത്തോടെയായിരുന്നു.
ബേഡകം പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാഘവൻ 25ഓളം സഹകരണ സ്ഥാപനങ്ങൾ സ്ഥാപിച്ചു. 37 വര്‍ഷത്തോളം സി.പി.എം കാസര്‍കോട് ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്നു. തന്നെ അവഗണിക്കുന്നുവെന്നു തോന്നിയതോടെ ഒരുതവണ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഒരുങ്ങി. അതോടെ നേതൃത്വത്തിന് അനഭിമതനായി.
എങ്കിലും പാർട്ടിക്കൊപ്പം ഉറച്ചുനിന്ന രാഘവൻ കഴിഞ്ഞ ജില്ല സമ്മേളനത്തിലാണ് ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവായത്. എൽ.ഡി.എഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് ജില്ല പ്രസിഡൻറ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
കെ.എസ്.വൈ.എഫ് സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ അറസ്റ്റിലായി ഒരുമാസം തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. ചേവിരി രാമൻ നായരുടെയും പേറയിൽ മാണിയമ്മയുടെയും ഇളയ മകനാണ്.
ഭാര്യ: കമല. മക്കള്‍: അരുണ്‍ കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ് ദുബൈ ലേഖകന്‍), അജിത് കുമാര്‍. മരുമക്കൾ: ദീപ (യു.ഡി ക്ലർക്ക്, കാസർകോട് കലക്ടറേറ്റ്), അനുഷ (സിനിമ അസോസിയറ്റ് ഡയറക്ടർ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ, കോമൻ നായർ, കുഞ്ഞിരാമൻ നായർ, തമ്പായി, ജാനകി.