അധ്യക്ഷനിൽ അനിശ്ചിതത്വം: ചർച്ചയിൽ വിയർത്ത് യൂത്ത് കോൺഗ്രസ്
text_fieldsയൂത്ത് കോൺഗ്രസ് കൊടി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തുന്നതിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അനിശ്ചിതത്വം. അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകൾ ഉയരുന്നുണ്ടെങ്കിലും ഗ്രൂപ്പ് അവകാശവാദങ്ങളെ തുടർന്ന് സമവായത്തിലെത്താനാകാത്തതും സംസ്ഥാന കമ്മിറ്റിയിലെ കടുത്ത ഭിന്നതയുമാണ് പ്രതിസന്ധിക്ക് കാരണം. രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ പ്രസിഡന്റിനെ നിയോഗിക്കാത്തതിനെ തുടർന്നും സംഘടന നാഥനില്ലാകളരിയായെന്നും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനാകാത്ത സ്ഥിതിയാണെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ നിരവധി ജനകീയ വിഷയങ്ങൾ ഉയർന്നുവരുന്ന തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രധാനപ്പെട്ട പ്രതിപക്ഷ യുവജന സംഘടന നേതൃശൂന്യത നേരിടുന്നതിലെ അമർഷവും അണികൾക്കുണ്ട്. തൃശൂർ ചൊവ്വന്നൂര് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെതിരെ പൊലീസ് സ്റ്റേഷനിലുണ്ടായ ക്രൂരമർദനത്തിന്റെ കൃത്യമായ തെളിവുകൾ പുറത്തുവന്നിട്ടും പ്രതിഷേധം കത്തിക്കാനോ ജനവികാരമുണ്ടാക്കാനോ കഴിയാത്തത് സംഘടനപരമായ ഈ അനാഥത്വം മൂലമാണെന്നാണ് വിമർശനം. ‘ഒന്നുകിൽ പിരിച്ചുവിടുക, അല്ലെങ്കിൽ ഉടൻ പ്രഖ്യാപിക്കുക’ എന്നാണ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ ഫേസ്ബുക്കിൽ കുറിച്ചത്.
യൂത്ത് കോൺഗ്രസിന്റെ സംഘടന സംവിധാനപ്രകാരം ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരുമുണ്ടെങ്കിലും പ്രസിഡന്റിനാണ് അധികാരങ്ങളെല്ലാം. ഇതാണ് രണ്ടാഴ്ചയായി ഒഴിഞ്ഞുകിടക്കുന്നത്. അതേസമയം ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ തിരക്ക് കഴിഞ്ഞ് നേതൃത്വം ഡൽഹിയിലേക്ക് മടങ്ങിയെത്തിയിട്ടേയുള്ളൂവെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കെ.പി.സി.സിയുടെ വിശദീകരണം. രാഹുലിനെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സംസ്ഥാന കമ്മിറ്റിയിൽ വലിയ ഭിന്നത നിലനിൽക്കുകയാണ്. ഒരു വിഭാഗം ഒറ്റുകൊടുത്തുവെന്നായിരുന്നു രാഹുൽ അനുകൂല വിഭാഗത്തിന്റെ നിലപാട്. ഇതിനെതിരെ മറുവിഭാഗവും അണിനിരന്നതോടെ ദേശീയ നേതൃത്വം ഇടപെട്ട് ഗ്രൂപ്പ് അഡ്മിൻ ഓൺലി ആക്കിയാണ് ചർച്ച നിയന്ത്രിച്ചത്.
സംഘടന തെരഞ്ഞെടുപ്പിൽ രണ്ടാമത് ഏറ്റവും കൂടുതൽ വോട്ട് നേടിയ അബിൻ വർക്കിയെ പ്രസിഡന്റാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ താൽപര്യം. രമേശ് ചെന്നിത്തലയുടെ പിന്തുണയും അബിനുണ്ട്. എന്നാൽ ദേശീയ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ട കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ പ്രസിഡന്റാക്കാനാണ് എ ഗ്രൂപിന് താൽപര്യം. ഒപ്പം അബിനെ ദേശീയ ജനറൽ സെക്രട്ടറിയാക്കണമെന്ന സമവായ ഫോർമുലയും എ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ ബിനു ചുള്ളിയിലിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.