യുനെസ്കോ: ഇന്ത്യൻ പ്രതിനിധിയായി അനസും
text_fieldsഅനസ്
പടന്ന: വേൾഡ് ഹെറിറ്റേജ് യങ് പ്രഫഷനൽസ് ഫോറം മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച് പടന്നയിലെ പി. അനസും. യുനെസ്കോ വേൾഡ് ഹെറിറ്റേജ് എജുക്കേഷൻ പ്രോഗ്രാമിന്റെ പ്രധാന വാർഷിക പ്രവർത്തനങ്ങളിലൊന്നാണ് വേൾഡ് ഹെറിറ്റേജ് യങ് പ്രഫഷനൽസ് ഫോറം.
ഈവർഷത്തെ ഫോറം ‘ലോക പൈതൃകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ: യുവത്വത്തിന്റെ കാര്യക്ഷമതാനിർമാണവും അവസരങ്ങളുടെ അന്വേഷണവും’പ്രമേയത്തെ അധികരിച്ചാണ് നടക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സാംസ്കാരിക മന്ത്രാലയവും യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്ററും ചേർന്ന് ജൂലൈ 14 മുതൽ 23വരെ ഡൽഹിയിലാണ് പരിപാടി. ഇന്ത്യയിൽനിന്നടക്കം ലോക രാജ്യങ്ങളിൽനിന്നാകെ 50 പ്രഫഷനലുകൾ പങ്കെടുക്കുന്ന ഈവേദിയിൽ ആതിഥേയരാജ്യമായ ഇന്ത്യയിൽനിന്നുള്ള 20 പേരിൽ ഒരാളായാണ് അനസ് പങ്കെടുക്കുന്നത്.
അലീഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് മധ്യകാല ഇന്ത്യൻചരിത്രത്തിൽ എം.എ പൂർത്തിയാക്കിയ അനസ് നിലവിൽ കേരള ചരിത്രഗവേഷണ കൗൺസിലിന്റെ (കെ.സി.എച്ച്.ആർ) പട്ടണം കാമ്പസിൽ ഫ്ലഡ് ആർക്കൈവ്സ് ആൻഡ് മെമ്മറീസ് എന്ന പ്രോജക്ടിൽ റിസർച് അസിസ്റ്റന്റായി പ്രവർത്തിക്കുന്നു.