Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അൺഫിനിഷ്​ഡ്​’...

‘അൺഫിനിഷ്​ഡ്​’ തുഴച്ചിൽക്കഥ

text_fields
bookmark_border
‘അൺഫിനിഷ്​ഡ്​’ തുഴച്ചിൽക്കഥ
cancel

പത്തനംതിട്ട: വള്ളംകളിയുടെ നാട്ടിലിപ്പോൾ കരയിലാണ് തുഴച്ചിൽ. രണ്ടാം മത്സരത്തിൽ ഭൂരിപക്ഷമുയർത്തി മണ്ഡലത്തിന് പ്രതീക്ഷ നൽകുകയും മന്ത്രിയാവുകയും ചെയ്തിട്ടും ഹാട്രിക് വിജയപ്രതീക്ഷ നിലനിർത്താൻ വിയർക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ്. ഹിന്ദുവോട്ടും ക്രിസ്ത്യൻ വോട്ടും നിർണായകമായ മണ്ഡലത്തിൽ ഓർത്തഡോക്സ് വോട്ടുകൾ വീണാ ജോർജിന് അനുകൂലമായിരുന്നെങ്കിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി അബിൻ വർക്കിക്കും ഇതേ ഓർത്തഡോക്സ് വോട്ടുകൾ അനുകൂലമാകും. ഒരുകാലത്ത് കോൺഗ്രസ് മണ്ഡലമായിരുന്നു ആറന്മുള. എന്നാൽ ഇന്ന് കഥമാറി. കാലാകാലങ്ങളായി കോൺഗ്രസിലെ പടലപ്പിണക്കങ്ങളാണ് ഇവിടത്തെ സ്ഥാനാർഥികളുടെ പരാജയത്തിന് കാരണമെങ്കിൽ ഇത്തവണ അത് അധികം കാണാനില്ലെന്നാണ് പറയപ്പെടുന്നത്.എന്നാൽ, അബിൻ വർക്കിക്കെതിരെ ആദ്യംതന്നെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ തൊട്ടടുത്ത മണ്ഡലമായ കോന്നിയിൽ മത്സരിക്കുന്നതിനാൽ പ്രവർത്തകരിൽ പലരും അങ്ങോട്ട് പോവുകയാണെന്നും പരാതിയുണ്ട്.

അതേസമയം, സി.പി.എമ്മിലെ പടലപ്പിണക്കങ്ങൾ കുറേയൊക്കെ വ്യക്തമാണ്. പല അനുകൂല ഘടകങ്ങളുമുണ്ടായിട്ടും സ്ഥാനാർഥിക്ക് വിയർക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. ഇടതു സ്ഥാനാർഥിക്ക് ആദ്യ എതിർപ്പ് സ്വന്തം വീട്ടിൽ നിന്നായിരുന്നു. അതിനെ അതിജീവിച്ചാണ് സ്ഥാനാർഥിത്തം ഉറപ്പിക്കാനായത്. ‘മറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ’ എന്ന മുദ്രാവാക്യം പോലെ ‘ഞാൻ ചെയ്ത വികസന നേട്ടങ്ങൾക്കു പകരം എന്തുണ്ട് നിങ്ങൾക്ക് പറയാൻ’ എന്ന ആത്മവിശ്വാസത്തോടെയാണ് ആദ്യമൊക്കെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി ജനങ്ങളെ നേരിട്ടത്. എന്നാൽ, കാര്യത്തോടടുക്കുമ്പോൾ മുന്നണി പ്രതിരോധത്തിലാവുന്ന മറ്റു പല ഘടകങ്ങളും കളം നിറയുന്നു.

ലോക നിലവാരത്തിലേക്ക് ആരോഗ്യവകുപ്പിനെ ഉയർത്തിയെന്ന് പാർട്ടിയും മന്ത്രിയും അവകാശപ്പെടുമ്പോൾ വയറ്റിൽ കുടുങ്ങിയ കത്രികയും ഇടിഞ്ഞുവീണ കെട്ടിടവും കോന്നി മെഡിക്കൽ കോളജിലെ സർജന്‍റെ നോട്ടീസും മുഖ്യമന്ത്രിയുടെ ‘വാഗ്വിലാസ’വും കത്രികപ്പൂട്ടാവുകയാണ് വനിത സ്റ്റാറിന്. താമസിച്ചെത്തിയ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ എ ക്ലാസ് മണ്ഡലത്തിൽ തനിക്കുള്ള ജനസ്വാധീനം ഉപയോഗിച്ച് മുന്നേറുന്നതും ശബരിമലയിലെ സ്വർണക്കൊള്ള രണ്ട് മുന്നണികളും മുൻനിരയിലെത്തിച്ചപ്പോൾ ‘അകത്തായ’ ജില്ലയിലെ മുൻ എം.എൽ.എക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായതും ഇടതു സ്ഥാനാർഥിക്ക് ചങ്കിടിപ്പ് കൂട്ടുന്നു. രാഹുലും കോൺഗ്രസ് നേതാക്കളും ‘പോറ്റിയെ കേറ്റിയേ’ എന്ന പാട്ടുംപാടി നടക്കുകയാണ്. കോൺഗ്രസ് നേതാക്കൾക്കെതിരെയും ആരോപണമുയർന്നെങ്കിലും അതുപറയാൻ പാർട്ടിക്ക് കഴിയാത്ത സ്ഥിതി. എങ്കിലും മത്സരം കടുത്തതുതന്നെ. അബിൻ വർക്കി കരപിടിക്കാൻ നന്നായി വിയർക്കണം.ഒരു സർവേ വിദഗ്ധനും കണ്ടുപിടിക്കാൻ കഴിയുന്നില്ല, ആറൻമുളയുടെ ഫിനിഷിങ്. മേയ് നാലുവരെ അതൊരു ‘അൺഫിനിഷ്ഡ് സ്റ്റോറി’ ആയിരിക്കും.ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരൻ പിടിക്കുന്ന വോട്ടുകളും നിർണായകമാണ്.

Show Full Article
TAGS:Kerala Assembly Election 2026 Latest News Politics LDF. UDF BJP 
News Summary - ‘Unfinished’ rowing story
Next Story