യു.എൻ.ഐ വാർത്താ ഏജൻസി ആസ്ഥാനം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു
text_fieldsന്യൂഡൽഹി: വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ റഫി മാർഗിലെ ഓഫിസ് ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടി മുദ്രവെച്ചതിൽ വ്യാപക പ്രതിഷേധം. യു.എൻ.ഐ ജീവനക്കാർക്കുപുറമെ മാധ്യമ സംഘടനകളും രാഷ്ട്രീയ നേതാക്കളും നടപടിയെ അപലപിച്ചു. കേട്ടുകേൾവിയില്ലാത്ത പൊലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നുകയറ്റമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
യു.എൻ.ഐക്ക് നാല് പതിറ്റാണ്ടുമുമ്പ് അനുവദിച്ച ഭൂമിയുടെ അലോട്ട്മെന്റ് റദ്ദാക്കി ഡൽഹി ഹൈകോടതി ഉത്തരവിറക്കി മണിക്കൂറുകൾക്കുള്ളിലാണ് പൊലീസെത്തി ജീവനക്കാരെ ബലമായി ഒഴിപ്പിച്ച്, ഓഫിസ് മുദ്രവെച്ചത്. കേന്ദ്ര പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിനുകീഴിലെ ലാൻഡ് ആൻഡ് ഡെവലപ്മെന്റ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഏജൻസി ഹൈകോടതിയെ സമീപിച്ചതെങ്കിലും ജസ്റ്റിസ് ദത്തയാണ് അവരുടെ വാദം നിരാകരിച്ച് കെട്ടിടം ഒഴിപ്പിക്കാൻ ഉത്തരവിറക്കിയത്.
പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ബലമായി ഒഴിപ്പിച്ചെന്നും വനിതാ മാധ്യമപ്രവർത്തകരെ വലിച്ചിഴക്കുകയും കൈയേറ്റം ചെയ്തെന്നും യു.എൻ.ഐ ആരോപിച്ചു. ഓഫിസിനകത്ത് ജോലി ചെയ്തിരുന്നവരുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള സാധനങ്ങൾ എടുക്കാനും, റിപ്പോർട്ടിങ്ങിന് പുറത്തു പോയവരെ അകത്തേക്ക് പ്രവേശിക്കാനും അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്.
എന്നാൽ, ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. നടപടി തുടക്കം മുതൽ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
പൊലീസ് നടപടിയെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ശക്തമായി അപലപിച്ചു. അധികൃതരുടെ ഭീഷണികൾക്കുകീഴിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമല്ലെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.


