കടമെടുപ്പിൽ കേരളത്തോട് കടുംപിടുത്തം; കേന്ദ്രത്തിന് സ്വന്തം പരിധി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ മൂന്ന് ശതമാനമെന്ന കടുംപിടുത്തം തുടരുന്ന കേന്ദ്രം സ്വന്തം കടമെടുപ്പിന് നിശ്ചയിച്ചത് 4.4 ശതമാനം. ദേശീയ പാതക്കായി ഭൂമിയെടുക്കുന്നതിന് കേരളം കടമെടുത്ത് ചെലവിട്ട 6000 കോടി, സംസ്ഥാനത്തിന്റെ കടപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരളം പലവട്ടം ആവർത്തിച്ചിട്ടും ചെവികൊടുക്കാത്ത സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിന്റെ കടമെടുപ്പ് വിവരങ്ങൾ ബജറ്റിലൂടെ പുറത്തുവരുന്നത്. പുതിയ പ്രഖ്യാപനങ്ങളില്ലെങ്കിലും കടപരിധിയിലെ ആശ്വാസ ഇടപെടലുകൾ കേരളം പ്രതീക്ഷിച്ചിരുന്നതാണ്. വിശേഷിച്ചും പ്രകൃതി ദുരന്തങ്ങളെയടക്കം അടിക്കടി നേരിടുന്ന സാഹചര്യത്തിൽ.
ആദായ നികുതിക്കുള്ള പരിധി ഉയർത്തിയത് സംബന്ധിച്ച പ്രഖ്യാപനം ആഘോഷിക്കുമ്പോഴും അടിസ്ഥാന സൂചികകൾ താഴേക്കുപോയി എന്നത് ബോധപൂർവം മറച്ചുവെക്കുന്നു. നിലവിലെ സാമ്പത്തികവർഷം മൂലധന ചെലവിലുണ്ടായത് 12.3 ശതമാനം ഇടിവാണ്. ഭക്ഷ്യ വിലക്കയറ്റമാകട്ടെ 8.4 ശതമാനം. കഴിഞ്ഞവർഷം ഇതേ കാലയളവിലെ 7.5 ശതമാനമായിരുന്നു. സർക്കാർ ജീവനക്കാരടക്കം സ്ഥിരവരുമാനക്കാരെയും ഇടത്തരക്കാരെയും മധ്യവർഗത്തെയും ആദായ നികുതി പ്രഖ്യാപനം സന്തോഷിപ്പിക്കുമ്പോഴും വിലക്കയറ്റം അടിസ്ഥാന ജനവിഭാഗങ്ങളെ നട്ടംതിരിക്കുന്നുവെന്ന യാഥാർഥ്യവും മറച്ചുവെക്കപ്പെടുന്നു.
ബാങ്ക് വായ്പ വളർച്ചാതോതിലും വലിയ ഇടിവാണുള്ളതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു. ‘മുൻവർഷം നവംബർ വരെ കാലയളവിൽ 15.2 ശതമാനമായിരുന്നു. ഈ സാമ്പത്തിക വർഷം 11.8 ശതമാനം മാത്രം. ഈ വർഷം നവംബർ വരെ 3.4 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടുവെന്നതും കൂട്ടിച്ചേർക്കേണം. രാജ്യത്തിന് ഹാനികരമായ മറ്റ് ചില തീരുമാനങ്ങളും ഇത്തവണ ഉണ്ടായി. ആണവോർജ മേഖല സ്വകാര്യവത്കരിക്കുകയാണ്. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം വരുന്നതും അത്ര ശുഭകരമായ കാര്യങ്ങളല്ല. ഇത്തരം തീരുമാനം രാജ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്നതാണ് സാമ്പത്തിക സർവേയിലെ കണക്കുകൾ. നടപ്പുസാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ച നിരക്ക് 6.4 ശതമാനത്തിലേക്ക് താഴുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അടുത്തവർഷവും ഏതാണ്ട് 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയിലാകുമെന്നാണ് അനുമാനം. 8.2 ശതമാനം പ്രതീക്ഷിത സാമ്പത്തിക വളർച്ചയാണ് കഴിഞ്ഞ വർഷത്തെ ഇക്കണോമിക് സർവേ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.