‘എനിക്ക് തന്നത് ചെമ്പാണ്, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കട്ടെ’; ആരോപണങ്ങൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി
text_fieldsഉണ്ണികൃഷ്ണണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അത് ഒരു പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് പലതും മാധ്യമങ്ങൾ കെട്ടിച്ചമക്കുന്നതാണ്. തനിക്ക് തന്ന ലെറ്ററിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് മുകളിൽ സ്വർണം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിയുന്നത്. സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. പീഠം ഫിറ്റ് ചെയ്യാൻ വാസുദേവൻ എന്നയാളെ ഏൽപ്പിച്ചിരുന്നു. താൻ പണപ്പിരിവ് നടത്തിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ചെല്ലാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നടത്താൻ സഹായം തേടി ദേവസ്വം ബോർഡ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സമീപിക്കുകയായിരുന്നു. ഇവർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ചെലവ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഏറ്റെടുത്തത്. അറ്റകുറ്റപ്പണികളുടെ ചെലവ് എടുക്കാൻ കഴിയുമോയെന്ന് ചോദിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഈ ആഗസ്റ്റിലാണ് ദേവസ്വം ബോർഡ് കത്തുനൽകിയത്.
ദേവസ്വം ബോർഡ് യോഗതീരുമാനത്തിന്‍റെ ഭാഗമായി ആഗസ്റ്റ് 23നാണ് തിരുവാഭരണ കമീഷണർ കത്തയച്ചത്. ബംഗളൂരുവിലെ മേൽവിലാസത്തിലാണ് കത്തയച്ചത്. ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾക്ക് അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്നും ചെന്നൈയിൽ അത് എത്തിച്ചുതരാമെന്നുമാണ് കത്തിൽ പറയുന്നത്. ചെലവ് വഹിക്കാൻ തയാറുണ്ടോയെന്നും ഇതിൽ ആരായുന്നു. ശ്രീകോവിലിന്റെ കതകും കട്ടിളയും ലക്ഷ്മീരൂപവും കമാനവും അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. അത് സന്നിധാനത്ത് ചെയ്യാം. ഇതിന്റെയെല്ലാം ചെലവ് ഏറ്റെടുക്കാൻ സാധിക്കുമോയെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയോട് കത്തിൽ ചോദിക്കുന്നത്.
25ന് ഉണ്ണിക്കൃഷ്ണൻ പോറ്റി മറുപടിക്കത്തും ദേവസ്വം ബോർഡിന് നൽകി. എല്ലാത്തിന്റെയും ചെലവ് താൻ ഏറ്റെടുത്തോളാം എന്നായിരുന്നു മറുപടി. ശുദ്ധിക്രിയകൾക്കുള്ള പണവും താൻ ഏറ്റെടുത്തോളാമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് നൽകിയ മറുപടിയിൽ പറയുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞമാസം ഏഴിന് സ്വർണപ്പാളികൾ ദേവസ്വംബോർഡ് ചെന്നൈയിലേക്ക് കൊണ്ടുപോയത്.
നാല് പാളികളിൽ മാത്രമായിരുന്നു അറ്റകുറ്റപ്പണി നടത്തിയത്. 19.4 ഗ്രാം സ്വര്‍ണമാണ് ഉപയോഗിച്ചത്. ഈ ചെലവാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വഹിച്ചത്. 40 വര്‍ഷത്തെ ഗ്യാരന്‍റിയുള്ളതിനാൽ സൗജന്യമായിട്ടായിരുന്നു കമ്പനി ജോലികൾ ചെയ്തുനൽകിയത്. 2019ല്‍ 397 ഗ്രാം സ്വർണമായിരുന്നു പൂശാൻ ഉപയോഗിച്ചത്. അതേസമയം, ഗ്യാരന്‍റിയുള്ളതിനാലാണ് 2019ല്‍ സ്വർണം പൂശി നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തന്നെ അറ്റകുറ്റപ്പണി നടത്താനായി സമീപിച്ചതെന്നാണ് ദേവസ്വംബോർഡിന്‍റെ വിശദീകരണം.
അതേസമയം ദ്വാരപാലക ശില്പത്തിൽ പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം കരുതിയിരുന്നുവെന്ന് മുൻ ചീഫ് എൻജിനീയർ രവികുമാർ. ദ്വാരപാലക ശില്പം അടക്കം സ്വർണം പൂശിയിരുന്നു. ചെമ്പിന് മുകളിൽ ഏഴ് പാളി സ്വർണം പൂശിയ ദ്വാരപാലക ശില്പം ചെമ്പായി മാറിയത് അത്ഭുതമാണെന്ന് രവികുമാർ പറഞ്ഞു. സ്വർണം പൂശാനായി അന്ന് അഴിച്ചിറക്കിയ മൂന്ന് താഴികക്കുടങ്ങളെ കുറിച്ചും അന്നേ വിവരമില്ലെന്നും അക്കാലത്ത് ശബരിമല സന്നിധാനത്തെ ചീഫ് എൻജിനീയർ ആയിരുന്ന രവികുമാർ പറഞ്ഞു.