കെ.എസ്.ആർ.ടി.സി ടിക്കറ്റെടുക്കാനും ജി പേ; രണ്ടു മാസത്തിനകം മുഴുവൻ ബസുകളിലും
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഗൂഗിൾ പേ അടക്കം യു.പി.ഐ ആപ്പുകൾ വഴി ടിക്കറ്റെടുക്കാൻ സംവിധാനമൊരുങ്ങി. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിലും കൊല്ലം ജില്ലയിലെ വിവിധ ഡിപ്പോകളിലും ഡിജിറ്റൽ ടിക്കറ്റെടുക്കൽ ആരംഭിച്ചു. ഉടൻ പത്തനംതിട്ടയിലേക്കും വൈകാതെ മറ്റ് ജില്ലകളിലേക്കും പുതിയ സജ്ജീകരണമെത്തും. രണ്ട് മാസത്തിനകം സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിൽനിന്നും യു.പി.ഐ പേമെന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ജീവനക്കാർക്ക് പരിശീലനം നൽകി വരികയാണ്. കെ.എസ്.ആർ.ടി.സിയുടെ തന്നെ യന്ത്രങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യു.ആര് കോഡ് സ്കാൻ ചെയ്ത് പണം നൽകാം. തൊട്ടുപിന്നാലെ പ്രിന്റ് ചെയ്ത ടിക്കറ്റ് ലഭിക്കും. കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്കാവും പണമെത്തുക. ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ അനുവദനീയമല്ല.
നേരത്തെ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന സിറ്റി സർക്കുലർ സർവീസുകളിലും പോയന്റ് ടു പോയന്റ് സർവീസുകളിലും പരീക്ഷണാർഥം ഓൺലൈൻ പണമിടപാട് ആരംഭിച്ചിരുന്നു. ഇത് വിജയകരമായതോടെ ജില്ലയിലെ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് കൊല്ലത്തും നടപ്പിലാക്കിയത്.
ഇതിലൂടെ ചില്ലറത്തർക്കം, ബാലൻസ് വാങ്ങാൻ മറക്കൽ അടക്കം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ. യു.പി.ഐ ആപ്പുകൾ സ്വീകരിക്കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടുവരികയായിരുന്നു.
സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ഡിജിറ്റൽ പേമെന്റ് സംവിധാനം ഒരുക്കിയ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കെ.എസ്.ആർ.ടി.സിയെയും ഡിജിറ്റലാക്കുന്നത്. ഈ സേവനങ്ങൾക്ക് ഒരോ ടിക്കറ്റിൽനിന്നും കെ.എസ്. ആർ.ടി.സി ചെറിയ തുക ‘ചലോ ആപ്പിന്’ നൽകണമെന്നതാണ് കരാർ. കെ.എസ്.ആർ.ടി.സിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്കാര്ഡും പുതുക്കി ഇതില് ഉപയോഗിക്കാനാകും.