ഓട്ടോ വാങ്ങാനെടുത്ത ലോൺ ഒടുവിൽ ജീവനെടുത്തു; പിഞ്ചുകുഞ്ഞുങ്ങളടക്കം നാലുപേരുടെ മരണത്തിൽ വിറങ്ങലിച്ച് ഉപ്പുതറ
text_fieldsകട്ടപ്പന: ഓട്ടോറിക്ഷ വാങ്ങാനെടുത്ത ലോൺ തിരിച്ചടക്കാനാവാതെ ഒടുവിൽ ഒരുകുടുംബം ഒന്നടങ്കം ജീവനൊടുക്കിയതിന്റെ ഞെട്ടലിൽനിന്ന് മുക്തമാകാതെ ഉപ്പുതറ ഗ്രാമം. ഉപ്പുതറ ഒമ്പതേക്കർ പട്ടത്തമ്പലം മോഹനന്‍റെ മകൻ സജീവ് (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (അഞ്ച്), ദിവ്യ (മൂന്ന്) എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം സജീവും ഭാര്യയും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സജീവും ഭാര്യയും മക്കളും സജീവിന്റെ മാതാപിതാക്കളുമാണ് വീട്ടിൽ താമസം.
ഓട്ടോ വാങ്ങാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് സജീവ് വാഹന വായ്പ എടുത്തിരുന്നു. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെ കഴിഞ്ഞ രണ്ടുമാസം ലോണടവ് മുടങ്ങി. തുടർന്ന് ഫിനാൻസ് ഏജന്‍റുമാർ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്റെ പിതാവ് മോഹനൻ ആരോപിച്ചു. ഉപ്പുതറ ഒമ്പതേക്കർ ജങ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സജീവ് ഏതാനും നാളായി പന്തളത്ത് മേസ്തിരിപ്പണിയുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മക്കളെ തൂക്കിക്കൊന്നശേഷം ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നതെന്ന് പൊലീസ് പറയുന്നു.
മോഹനന്റെ പേരിലുള്ള ചെക്കും കരമടച്ച രസീതും നൽകിയാണ് വായ്പയെടുത്തിരുന്നത്. ഈ മാസം 30ന് മുമ്പ് വീട് വിറ്റെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും സ്ഥാപനത്തിലെ ഏജന്റുമാർ അസഭ്യം പറഞ്ഞതായി മോഹനൻ പറഞ്ഞു. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തെക്കുറിച്ച് സൂചനയുണ്ടെന്നാണ് വിവരം.
ഏലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സജീവിന്‍റെ മാതാവ് സുലോചനയാണ് വീട്ടിനുള്ളിൽ നാല് പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ കരച്ചിലും ബഹളവും കേട്ടെത്തിയ അയൽക്കാരാണ് പൊലീസിനെ അറിയിച്ചത്. ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഉപ്പുതറ എസ്.എച്ച്.ഒ ജോയ് മാത്യു, പ്രിൻസിപ്പൽ എസ്.ഐ പ്രദീപ്, എസ്.ഐ സലിം രാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.