അപസർപ്പക കഥ പോലെ ഉത്ര വധക്കേസ്
text_fieldsആദ്യം സംശയം, പിന്നെ ഉറപ്പിച്ചു
കൊല്ലം: സ്വത്ത് കിട്ടുന്നതിനുവേണ്ടി കള്ളപ്പരാതി കൊടുത്തതോടെയാണ് മരുമകന് സൂരജിനെപ്പറ്റി സംശയം 100 ശതമാനം ബോധ്യപ്പെട്ടതെന്നായിരുന്നു ഉത്രയുടെ പിതാവ് വിജയസേനെൻറ മൊഴി. മകളുടെ മരണം കൊലപാതകമാണെന്ന് 99 ശതമാനം തോന്നലുണ്ടായിരുന്നെങ്കിലും സത്യം മറിച്ചാണെങ്കില്‍ മരുമകനും ബന്ധുക്കളും ബുദ്ധിമുട്ടിലാകുമെന്ന തോന്നല്‍ കൊണ്ടാണ് ആദ്യം പരാതി കൊടുക്കാതിരുന്നത്.
ചെറിയ ന്യൂനതകളുള്ള മകളെ സൂരജ് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞതനുസരിച്ചാണ് വിവാഹനിശ്ചയം നടത്തിയത്. വിവാഹം നടന്ന് മൂന്നുമാസം കഴിഞ്ഞതു മുതലാണ് പ്രതിയുടെ വീട്ടുകാര്‍ ഉത്രയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഉത്രയെ പാമ്പുകടിച്ചതിനെത്തുടര്ന്ന് മുറിയില്‍ പോയി നോക്കിയപ്പോള്‍ അലമാരക്കടിയില്‍ പാമ്പിരിക്കുന്നെന്നുപറഞ്ഞ് സൂരജ് പുറത്തേക്കിറങ്ങിപ്പോയെന്ന് ഉത്രയുടെ സഹോദരന് വിഷുവിെൻറ മൊഴി. ഉത്ര കിടന്നിരുന്ന മുറിയുടെ ജനല്‍ തുറന്നിടാറില്ലെന്നാണ് മാതാവ് മണിമേഖല കോടതിയില്‍ നല്കിയ മൊഴി. മുറിയുടെ ജനല്‍ എപ്പോഴാണ് അടച്ചതെന്ന ക്രോസ് വിസ്താരത്തിലെ ചോദ്യത്തിന് ഉത്രക്ക് പാമ്പുകടിയേറ്റപ്പോള്‍ നടത്തിയ ശസ്ത്രക്രിയയുടെ പരിക്കുകാരണം വസ്ത്രം ശരിയായി ധരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ട് ജനല്‍ തുറന്നിടാറില്ലെന്നും മാതാവ് പറഞ്ഞു.
അസ്വാഭാവികം, പാമ്പിന്റെ സാന്നിധ്യം
കൊല്ലം: ഉത്ര മരിച്ച മുറിയില്‍ പാമ്പ് സ്വാഭാവികമായി എത്താനോ ആക്രമണസ്വഭാവത്തോടെ കടിക്കാനോ ഉള്ള സാധ്യതയില്ലെന്നായിരുന്നു സര്പ്പശാസ്ത്രവിദഗ്ധനായ കാസര്‍കോട് സ്വദേശി മവീഷ് കുമാറിെൻറ മൊഴി. ഉത്രയുടെ കൈയില്‍ കണ്ട പാമ്പുകടിയേറ്റ പാട് സ്വാഭാവികമായ കടിയില്നിന്ന് വ്യത്യസ്തമാണ്. അടൂരിലെ സൂരജിെൻറ വീടിനു സമീപം അണലിയുടെ ആവാസവ്യവസ്ഥക്കനുയോജ്യമായ സ്ഥലമല്ലെന്നാണ് തോന്നിയത്. ഉയരങ്ങളില്‍ കയറാനിടയില്ലാത്ത അണലി ഉത്ര കിടന്ന മുകള്‍നിലയിലെത്തി കടിച്ചെന്നതും അവിശ്വസനീയം.
ഉത്രയുടെ മരണവിവരം അറിഞ്ഞയുടന്‍ ദുരൂഹതയുെണ്ടന്നും പൊലീസില്‍ വിവരമറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞിരുന്നതായി വാവാ സുരേഷ് കോടതിയില്‍ മൊഴിനല്‍കിയിരുന്നു. അണലി രണ്ടാംനിലയില്‍ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നു. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരുകാരണവശാലും മൂര്‍ഖന്‍ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടില്‍ കയറില്ലെന്നും മനസ്സിലായി. പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോള്‍ സ്വാഭാവിക രീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ മൊഴിനല്‍കി. അണലി കടിച്ചതിെൻറ ഫോട്ടോയും മൂര്‍ഖന്‍ കടിച്ചതിെൻറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ മുറിവുകള്‍ സ്വാഭാവികമായി തോന്നിയില്ല. മൂര്‍ഖനെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലും ഇക്കാര്യം വെളിപ്പെട്ടു. കൈകളിലുണ്ടായ കടിപ്പാട് മൂര്ഖെൻറ തലയില്‍ അമര്‍ത്തിപ്പിടിച്ചാല്‍ മാത്രമുണ്ടാകുന്ന തരത്തിലാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞതായി അദ്ദേഹം മൊഴിനല്‍കി.
ഉത്രയെ പാമ്പുകടിച്ച സാഹചര്യങ്ങളില്‍ സ്വാഭാവികതയില്ലെന്നായിരുന്നു കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫിസര്‍ ഡോ. ജെ. കിഷോര്‍കുമാര്‍ കോടതിയില്‍ പറഞ്ഞത്. മൂര്‍ഖന്‍ വിഷം ഉപയോഗിക്കുന്നതില്‍ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല.