Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇതല്ലേ മാഷേ നേരത്തെ...

‘ഇതല്ലേ മാഷേ നേരത്തെ പറഞ്ഞത്...’; തിരുത്താൻ നേതൃത്വം ഇനിയെങ്കിലും തയാറാകുമോയെന്നും വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ

text_fields
bookmark_border
V Kunhikrishnan
cancel
camera_alt

വി. കുഞ്ഞികൃഷ്ണൻ

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിലെ പല പരാമർശങ്ങളോടും തനിക്ക് വിമർശനപരമായ നിലപാടാണുള്ളതെന്ന് പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണൻ. ജനങ്ങളിൽനിന്നുള്ള അഭിപ്രായം അറിയാൻ പാർട്ടി തയാറെടുത്തു കഴിഞ്ഞു എന്ന മാഷിന്റെ പ്രസ്താവന, താൻ നേരത്തെ ഉയർത്തിയ "അണികൾ നേതൃത്വത്തെ തിരുത്തണം" എന്ന ആഹ്വാനത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സത്യസന്ധമായ വിമർശനവും സ്വയം വിമർശനവുമാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്റെ അടിസ്ഥാനം. പ്രസ്ഥാനത്തിന് ജനങ്ങളിൽനിന്ന് പ്രഹരമേൽക്കുമ്പോൾ മാത്രം തിരിച്ചറിയേണ്ട ഒന്നല്ല അത്. മറിച്ച് നിരന്തരമായി പാർട്ടിക്കകത്ത് നടക്കേണ്ടുന്ന ആരോഗ്യകരമായ ചർച്ചയിലൂടെ വളരെ സ്വാഭാവികമായി തന്നെ അണികളും നേതൃത്വവും മനസ്സിലാക്കേണ്ടുന്ന ഒന്നാണത്. താൻ നേരത്തെ ഉയർത്തിയ "അണികൾ നേതൃത്വത്തെ തിരുത്തണം" എന്ന ആഹ്വാനത്തോട് ചേർന്ന് നിൽക്കുന്നതാണ് ഗോവിന്ദൻ മാഷിന്‍റെ പ്രസ്താവന. അതിനെ തങ്ങളുടെ പോരാട്ട വിജയമായി തന്നെ കാണുന്നു. അഥവാ, തങ്ങൾ നേരത്തെ പറഞ്ഞതിനെ പാർട്ടിക്ക് ഇപ്പോൾ അംഗീകരിക്കേണ്ടി വന്നു എന്ന് തന്നെ കരുതുന്നു. "തിരുത്താൻ നേതൃത്വം തയാറാകുമോ" എന്നതാണ് അന്നും ഇന്നും ബാക്കി നിൽക്കുന്ന ചോദ്യമെന്നും കൃഞ്ഞികൃഷ്ണൻ കുറിപ്പിൽ ചോദിക്കുന്നു.

''ആരോപണ വിധേയനായ അഴിമതിക്കാരൻ അല്ലായിരുന്നു പയ്യന്നൂരിൽനിന്ന് ജനവിധി തേടിയിരുന്നതെങ്കിൽ താൻ ഒരിക്കലും മത്സര രംഗത്ത് ഉണ്ടാവുമായിരുന്നില്ല! ഒരു കമ്യൂണിസ്റ്റുകാരന് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം രക്തസാക്ഷി ഫണ്ടിൽ നിന്നടക്കം മൂന്ന് ഫണ്ടുകളിൽ നിന്ന് പണം അഴിമതി നടത്തിയതായി ആരോപണം നേരിടുന്ന ഒരാളെ വീണ്ടും പയ്യന്നൂരിൽനിന്ന് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത് കൊണ്ട് മാത്രമാണ് താൻ ഈ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതും ജനം പാർട്ടിക്ക് എതിരെ വിധി എഴുതിയതും!'' -കുറിപ്പിൽ പറയുന്നു.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥിനിർണയത്തിൽ തെറ്റുപറ്റിയെന്നും ഇക്കാര്യം കണ്ണൂർ ജില്ല കമ്മിറ്റി സമ്മതിച്ചെന്നും എം.വി. ഗോവിന്ദൻ ഇന്നലെ വാർത്തസമ്മേളനത്തിൽ തുറന്നുപറഞ്ഞിരുന്നു. സ്ഥാനാർഥിനിർണയം നടത്തിയത് കണ്ണൂർ ജില്ല കമ്മിറ്റിയാണ്. അതിനെ അംഗീകരിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. അതിന്റെ ഉത്തരവാദിത്തം സംഘടനക്കാണ്. അതിന്‍റെ ഭാഗമായാണ് ജില്ല സെക്രട്ടറിയെറ്റും സംസ്ഥാന സെക്രട്ടറിയെറ്റും സംസ്ഥാന കമ്മിറ്റി വിമർശിച്ചതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

സത്യസന്ധമായ വിമർശനവും സ്വയം വിമർശനവുമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്റെ അടിസ്ഥാനം. പ്രസ്ഥാനത്തിന് ജനങ്ങളിൽ നിന്ന് പ്രഹരമേൽക്കുമ്പോൾ മാത്രം തിരിച്ചറിയേണ്ട ഒന്നല്ല അത്. മറിച്ച് നിരന്തരമായി പാർട്ടിക്കകത്ത് നടക്കേണ്ടുന്ന ആരോഗ്യകരമായ ചർച്ചയിലൂടെ വളരെ സ്വാഭാവികമായി തന്നെ അണികളും നേതൃത്വവും മനസ്സിലാക്കേണ്ടുന്ന ഒന്നാണത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി സഖാവ് എംവി ഗോവിന്ദൻ മാഷ്‌ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തിലെ പല പരാമർശങ്ങളോടും എനിക്ക് വിമർശനപരമായ നിലപാടാണുള്ളത്. എന്നാൽ ജനങ്ങളിൽ നിന്നുള്ള അഭിപ്രായം അറിയാൻ പാർട്ടി തയ്യാറെടുത്തു കഴിഞ്ഞു എന്ന മാഷിന്റെ പ്രസ്താവന, ഞാൻ നേരത്തെ ഉയർത്തിയ "അണികൾ നേതൃത്വത്തെ തിരുത്തണം" എന്ന ആഹ്വാനത്തോട് ചേർന്ന് നിൽക്കുന്നതാണ്. അതിനെ ഞങ്ങൾ ഞങ്ങളുടെ പോരാട്ട വിജയമായി തന്നെ കാണുന്നു. അഥവാ, ഞങ്ങൾ നേരത്തെ പറഞ്ഞതിനെ പാർട്ടിക്ക് ഇപ്പോൾ അംഗീകരിക്കേണ്ടി വന്നു എന്ന് തന്നെ കരുതുന്നു.

"തിരുത്താൻ നേതൃത്വം തയ്യാറാകുമോ" എന്നതാണ് അന്നും ഇന്നും ബാക്കി നിൽക്കുന്ന ചോദ്യം!

പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച്ച സംഭവിച്ചു എന്ന് കണ്ണൂർ ജില്ലാ കമ്മറ്റി തന്നെ സ്വയം വിമർശനാത്മകമായി സമ്മതിച്ചു എന്നും, അത് സംസ്ഥാന കമ്മറ്റി അംഗീകരിക്കുന്നു എന്നുമാണല്ലോ എംവി ഗോവിന്ദൻ മാഷ് ഇന്നലെ പറഞ്ഞത്. എന്തായിരുന്നു ആ വീഴ്ച്ച എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചില്ലായെങ്കിലും, അത് പറയാനുള്ള ബാധ്യത സംസ്ഥാന സെക്രട്ടറിക്ക് ഇല്ലേ? അത് ചെയ്തിരുന്നു എങ്കിൽ സംസ്ഥാന സെക്രട്ടറിയുടെ ആത്മാർത്ഥതയും, തിരുത്തൽ പ്രക്രിയയുടെ അളവുകോലുമായി ആ മറുപടി മാറുമായിരുന്നല്ലോ. നിർഭാഗ്യവശാൽ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു ചോദ്യം ഉണ്ടായതുമില്ല, മാഷ് സ്വന്തം നിലയ്ക്ക് പാർട്ടിക്ക് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പറ്റിയ തെറ്റ് എന്തായിരുന്നു എന്ന് പറഞ്ഞതുമില്ല.

അവിടെ ആരെങ്കിലും ചോദിച്ചാലും ഇല്ലെങ്കിലും, എന്താണ് കണ്ണൂർ ജില്ലയിൽ, പ്രത്യേകിച്ചും തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിക്ക് പറ്റിയ പിഴവെന്ന ചോദ്യം പ്രസക്തമാണ്. സാമ്പത്തിക അഴിമതിക്കാരനായ ഒരാളെ തന്നെ സ്ഥാനാർത്ഥി ആക്കിയതാണോ പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണയത്തിലെ വീഴ്ച്ച?

നിരന്തരമായി വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ പാർട്ടിക്ക് ഉള്ളിൽ ഞാൻ നടത്തിയ പോരാട്ടങ്ങളെ ഒന്നും ഗൗനിക്കാതെ അഴിമതിക്കാരമായ ഒരാളെ പിന്തുണച്ചതും ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് അയാളെ തന്നെ സ്ഥാനാർത്ഥിയാക്കിയതുമാണോ ആ വീഴ്ച്ച?

സാമ്പത്തിക അഴിമതി അംഗീകരിച്ചാൽ അത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കും എന്ന് കരുതി, സത്യം മറച്ച് വെച്ച് അയാളെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതാണോ ആ വീഴ്ച്ച?

ഏറ്റവും മികച്ച സ്ഥനാർത്ഥിയെന്ന് തെരഞ്ഞെടുപ്പ് വേളയിൽ ജില്ലാ സെക്രട്ടറി പുകഴ്ത്തിയ വ്യക്തിയെ സ്ഥാനാർത്ഥി ആക്കിയതിൽ കാര്യമായ പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് ഇപ്പോൾ പാർട്ടി കണ്ണൂർ ജില്ലാ കമ്മറ്റിയും, പാർട്ടി സംസ്ഥാന സെക്രട്ടറിയും തന്നെ സമ്മതിച്ച സ്ഥിതിക്ക് ഈ ചോദ്യങ്ങൾക്ക് അല്ലെ ഇനി മറുപടി ലഭിക്കേണ്ടത്.!

എല്ലാവരും പിഴവ് സമ്മതിച്ച സ്ഥിതിക്ക് ഞാൻ നേരത്തെ പല ആവൃത്തി പറഞ്ഞ എന്റെ നിലപാട് ഒന്നു കൂടി പറയട്ടെ.

"ആരോപണ വിധേയനായ അഴിമതിക്കാരൻ അല്ലായിരുന്നു പയ്യന്നൂരിൽ നിന്ന് ജനവിധി തേടിയിരുന്നതെങ്കിൽ ഞാൻ ഒരിക്കലും മത്സര രംഗത്ത് ഉണ്ടാവുമായിരുന്നില്ല! ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം രക്തസാക്ഷി ഫണ്ടിൽ നിന്നടക്കം മൂന്ന് ഫണ്ടുകളിൽ നിന്ന് പണം അഴിമതി നടത്തിയതായി ആരോപണം നേരിടുന്ന ഒരാളെ വീണ്ടും പയ്യന്നൂരിൽ നിന്ന് മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഈ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതും ജനം പാർട്ടിക്ക് എതിരെ വിധി എഴുതിയതും!"

ഇതൊരു വൈകാരിക വിഷയമാണ്, ധാർമിക പ്രശ്നമാണ്. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നാല് മാസം മുൻപ് പറഞ്ഞത് പോലെ ഒരിക്കലും ഇത് വൈര്യനിര്യാതന ബുദ്ധിയല്ല. തെരഞ്ഞെടുപ്പിലെ എന്റെ മത്സരം ജയിക്കാൻ വേണ്ടി ഉള്ളതായിരുന്നുമില്ല. ജയപരാജയങ്ങൾക്ക് ഉപരിയായി ഞങ്ങളുടെ പോരാട്ടം പാർട്ടി ഇതുവരെ ഗൗരവമായി പരിഗണിക്കാത്ത സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടതായിരുന്നു. സ്ഥായിയായ ഒരു പരിഹാരം ലഭിക്കുന്നത് വരെ ഈ വിഷയത്തിന് പ്രാധാന്യമുണ്ട് താനും.

പാർട്ടിയിൽ എല്ലാവരെയും ചേർത്ത് നിർത്തണം എന്ന വിശാല മനസ്കതയുടെ അടിസ്ഥാനത്തിലാണ് എന്നെ പാർട്ടിയിലേക്കും ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചു കൊണ്ടുവന്നത് എന്ന സംസ്ഥാന സെക്രട്ടറിയുടെ വാദത്തിൽ ഒരു ഔദാര്യത്തിന്റെ സ്വരമുണ്ട്. എന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ, പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ആളാണ് ഞാൻ. ആ എന്നെ തിരികെ വീണ്ടും പാർട്ടിയിലേക്ക് കൊണ്ട് വന്നത്, അതും ജില്ല കമ്മറ്റി അംഗമാക്കി കൊണ്ട് വന്നത് വഴി പാർട്ടി മുന്നിൽ കണ്ട ലക്ഷ്യം എന്തായിരുന്നു എന്ന് എനിക്കറിയാം. എന്നാൽ പാർട്ടിക്കകത്തേക്ക് ഞാൻ തിരികെ വന്നത് അതിനകത്ത് നിന്ന് കൊണ്ട് മാത്രമേ പാർട്ടിയിൽ നടന്ന, പാർട്ടിയെ മറയാക്കി ചിലർ നടത്തിയ അഴിമതിയെ ഇല്ലാതാക്കാൻ സാധിക്കൂ എന്ന ഉറച്ച ബോധ്യത്തിലാണ്. പാർട്ടിയോ, നേതാക്കളോ, പാർട്ടി പ്രവർത്തകരോ ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ, മറ്റൊരു പാർട്ടി പ്രവർത്തകൻ മുറുകെ പിടിച്ച സത്യത്തെ കയ്യൊഴിയണം എന്ന ദുരർത്ഥമുണ്ടെങ്കിൽ അത് അംഗീകരിക്കുക സാധ്യമല്ല!

ഒരു ബൂർഷ്വ പാർട്ടിയിൽ സത്യത്തെ കയ്യൊഴിഞ്ഞുള്ള കപടത നടന്നേക്കാം, എന്നാൽ പ്രസ്ഥാനത്തെ ചിലരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ഒറ്റ്‌ കൊടുക്കാൻ ഞാൻ പഠിച്ച കമ്മ്യൂണിസ്റ്റ് ബോധത്തിന് സാധിക്കില്ല. പ്രസ്ഥാനം എന്നത് കമ്മിറ്റികളോ സെക്രട്ടറിയോ അല്ല. അത് വിശാലാർത്ഥത്തിൽ കമ്മ്യൂണിസ്റ്റ് ആശയത്തെ നെഞ്ചേറ്റിയ പാർട്ടിയുടെ അണികളും പാർട്ടിക്ക് വേണ്ടി ജീവരക്തം ചീന്തിയ രക്തസാക്ഷികളുമാണ്. ആ ബോധ്യത്തിലാണ് ഞാൻ പാർട്ടിയിലേക്ക് തിരിച്ച് വന്നതും അതിനകത്ത് നിന്ന് കൊണ്ടും, പിന്നീട് പുറത്തേക്ക് വന്ന് കൊണ്ടും പോരാട്ടം നടത്തിയത്. അതിൽ എനിക്ക് അഭിമാനമുണ്ട്. ഏതൊരു കമ്മ്യൂണിസ്റ്റും പുലർത്തേണ്ടുന്ന നിലപാടിലെ കാർക്കശ്യമാണത്‌. ഒരു ഘട്ടത്തിൽ പാർട്ടിക്ക് കൈമോശം വന്നതും ആ നിലപാടാണ്.

ഞാൻ പാർട്ടിക്കുള്ളിൽ ബദൽ സംവിധാനമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ഗോവിന്ദൻ മാഷ് ഇന്നലത്തെ പത്ര സമ്മേളനത്തിൽ പ്രസ്താവിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. നാല് മാസം മുമ്പ് ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞത് പാർട്ടി രഹസ്യങ്ങൾ ഞാൻ മാധ്യങ്ങൾക്ക് ചോർത്തി നൽകി എന്നാണ്. കുറഞ്ഞത് ആറ് മാസമായി ഞാൻ പാർട്ടിയിലില്ല എന്നിരിക്കെ, പാർട്ടി രഹസ്യങ്ങൾ ഞാൻ എങ്ങനെയാണ് അറിയുന്നത്? ഇപ്പോഴും വാർത്തകൾ ചോരുന്നതെങ്ങനെയാണ്? എന്തടിസ്ഥാനത്തിലാണ് എനിക്കെതിരെ ഇപ്പോഴും പരസ്യമായി ഇത്തരം അവസ്തവ പ്രസ്താവനകൾ ഉണ്ടാകുന്നത്?

ഞാൻ മാധ്യമങ്ങൾക്ക് പാർട്ടി വിവരങ്ങൾ നൽകി എന്നും മറ്റും ഇന്നലെ കൂടി വാർത്ത സമ്മേളനത്തിൽ പറഞ്ഞ സംസ്ഥാന സെക്രട്ടറി ഈ അടുത്ത് റിപ്പോർട്ടർ ന്യൂസിൽ ഒരു ലോക്കൽ സെക്രട്ടറിയുമായി ബന്ധപ്പെട്ട് വന്ന വാർത്തയുടെ ചോർത്തൽ ഉറവിടം ഏതാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? പഴയ എസ്‌എഫ്ഐക്കാരനായ റിപ്പോർട്ടറിലെ അന്വേഷണാത്മക പത്ര പ്രവർത്തകനും, മുൻ എംഎൽഎയുടെ പേർസണൽ സെക്രട്ടറിയും തമ്മിലുള്ള വിനോദയാത്രയിൽ പാർട്ടി രഹസ്യങ്ങൾ കൈമാറാനുള്ള സാഹചര്യം എത്രത്തോളമുണ്ട്? അതോ ഇതൊന്നും തിരുത്തൽ പ്രക്രിയയുടെ ഭാഗമല്ലെന്നാണോ?

എന്തായാലും ജനങ്ങളോട് അഭിപ്രായമാരായുന്ന പാർട്ടി നേതൃത്വത്തോട് ജനങ്ങളിൽ ഒരുവൻ എന്ന നിലയിൽ ഇനി എനിക്കും ചോദ്യങ്ങൾ ചോദിക്കാം എന്നാണ് ഞാൻ കരുതുന്നത്. എന്റെ ചോദ്യങ്ങൾ റദ്ദ് ചെയ്യപ്പെടേണ്ട സാഹചര്യം ഇനി ഉണ്ടെന്ന് കരുതുന്നില്ല. അതോ ഇനിയും വി കുഞ്ഞികൃഷ്ണൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടുന്ന ആവശ്യം തങ്ങൾക്കില്ല എന്ന, മുൻകാലങ്ങളിൽ മാധ്യമങ്ങളോട് ധിക്കാരപരമായി പറഞ്ഞ ജില്ലാ - സംസ്ഥാന സെക്രട്ടറിമാരുടെ നിലപാട് തുടരുമോ എന്നുമറിയില്ല...!

എന്തൊക്കെ ആണെങ്കിലും ഞങ്ങളീ പോരാട്ടം തുടരുക തന്നെ ചെയ്യും...!

വി കുഞ്ഞികൃഷ്ണൻ

Show Full Article
TAGS:V Kunhikrishnan CPM MV Govindan 
News Summary - V. Kunhikrishnan MLA's Facebook post
Next Story