എട്ടാം ക്ലാസ് വിദ്യാർഥിയായ നിത മനോജിന്റെ 'ഒരു കുട്ടി കണ്ട കുട്ടികളുടെ സിനിമകൾ' വി.ശിവൻകുട്ടി പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: കൊല്ലം മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ നിത മനോജ് എഴുതിയ 'ഒരു കുട്ടി കണ്ട കുട്ടികളുടെ സിനിമകൾ' മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പത്രപ്രവർത്തകയും മുൻ പി.എസ്.സി അംഗവുമായ ആർ. പാർവതിദേവി പുസ്തകം ഏറ്റുവാങ്ങി.
സ്കൂൾ ഹെഡ്മാസ്റ്റർ സി. ബിനു, ശിശുക്ഷേമസമിതി പ്രസിഡൻ്റ് അഡ്വ. ഷൈൻ ദേവ്, കെ ജി അജിത് കുമാർ(സൈന്ധവ ബുക്സ്) എന്നിവർ പങ്കെടുത്തു. 2024 മധ്യവേനൽ അവധിക്കാലത്ത് കണ്ട മലയാളം,തമിഴ്,ഹിന്ദി, വിദേശ ഭാഷാ ചിത്രങ്ങളുടെ കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. കുമ്മാട്ടി,ഒറ്റാൽ,പഥേർ പാഞ്ചാലി,താരേ സമീർ പർ, ഐ ആം കലാം, കാക്കാ മുട്ടെ, ബൈസിക്കിൾ തീവ്‌സ്, ഇവാൻസ് ചൈൽഡ് ഹുഡ്, കളർ ഓഫ് പാരഡൈസ് തുടങ്ങി മുപ്പതോളം ചിത്രങ്ങളിലൂടെ നിത മനോജ് കടന്നുപോകുന്നു.
ഒരു കുട്ടി തന്നെ കുട്ടികളുടെ ചിത്രങ്ങളെ വിലയിരുത്തുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ വി. മനോജിന്റെയും ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ വി. രാഖിയുടെയും മകളാണ് നിതാ മനോജ്. സൈന്ധവ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.